കോഴിക്കോട് കൂടറഞ്ഞിയിൽ അതിഥി തൊഴിലാളിയെ ക്രൂരമായി മർദ്ദിച്ച് ജനക്കൂട്ടവും പൊലീസും. മാല മോഷണം ആരോപിച്ചാണ് മർദ്ദനം അരങ്ങേറിയത്. ചൊവ്വാഴ്ച വൈകുന്നേരം ജോലിക്കായി വീട്ടിലേക്ക് വിളിച്ചുവരുത്തിയ യുവാവിനെ ബോഡി മസാജിനായി വീട്ടുടമസ്ഥൻ നിര്‍ബന്ധിക്കുകയായിരുന്നു. ഈ സമയം പ്രകൃതി വിരുദ്ധ പീഡനത്തിന് ശ്രമം നടന്നതായി യുവാവ് പറയുന്നു.
അസാമുകാരനായ യുവാവിനെ ഇയാൾ വീട്ടിലേക്ക് ജോലിക്കായി വിളിച്ചു വരുത്തുകയായിരുന്നു. ജോലി കഴിഞ്ഞതിനു ശേഷം ബോഡി മസാജ് ചെയ്തു തരണമെന്ന് വീട്ടുടമസ്ഥൻ ഇയാളോട് ആവശ്യപ്പെട്ടു. ഈ സമയത്താണ് വീട്ടുടമസ്ഥൻ ഇയാളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ചത്.
ഇത് കണ്ട് പേടിച്ച് യുവാവ് വീട്ടിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. പന്തികേട് മനസിലാക്കിയ വീട്ടുടമസ്ഥൻ യുവാവ് ഓടുന്ന സിസിടിവി ദൃശ്യങ്ങളെടുത്ത് തന്റെ മാല ഇയാൾ മോഷ്ടിച്ചു കൊണ്ടുപോയി എന്ന ആരോപണം ഉന്നയിക്കുകയായിരുന്നു. പിന്നാലെയാണ് ഓടിക്കൂടിയ നാട്ടുകാരും ഈ അസാമുകാരനെ മര്‍ദിച്ചത്. വിവരമറിഞ്ഞെത്തിയ പൊലീസുകാരും തന്നെ മർദ്ദിച്ചു എന്ന് യുവാവ് പറയുന്നു.
പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസുകാർ ഇയാളെ മർദ്ദിച്ചതിനു ശേഷമാണ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വീട്ടുടമസ്ഥൻ മോശമായി പെരുമാറിയ വിവരം പുറത്താവുന്നത്. താൻ മാല മോഷ്ടിച്ചിട്ടില്ല എന്ന് പൊലീസിനോട് ഇയാള്‍ പറയുകയും ചെയ്തു. പിന്നീട് പൊലീസ് ഈ വീട്ടുടമസ്ഥനെ വിളിച്ചു വരുത്തി കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് സംഭവത്തിന്റെ നിജസ്ഥിതി അറിയുന്നത്. വീട്ടിൽ നടത്തിയ പരിശോധനയിൽ ഇയാൾ കാണാതെ പോയെന്ന് പറഞ്ഞ സ്വർണ്ണമാല കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.