TOPICS COVERED

ആറുമാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്ന യുവതിയുടെ വാര്‍ത്ത ഞെട്ടലോടെയാണ് രാജ്യം കേട്ടത്. തന്‍റെ സ്വവര്‍ഗ പങ്കാളിക്കൊപ്പം ജീവിക്കാനാണ് യുവതി സ്വന്തം ചോരയില്‍ പിറന്ന കുഞ്ഞിനെ കൊന്നത്. സുരേഷ്– ഭാരതി ദമ്പതികളുടെ ആറുമാസം പ്രായമുള്ള കുഞ്ഞാണ് സ്വന്തം അമ്മയുടെ ക്രൂരതയ്ക്ക് ഇരയായത്. തമിഴ്നാട് കൃഷ്ണഗിരി ജില്ലയിലെ കേളമംഗലത്താണ് സംഭവം.

രണ്ട് ദിവസം മുന്‍പാണ് കുഞ്ഞ് മരിച്ചത്. മുലപ്പാല്‍ തലച്ചോറില്‍ കയറി കുഞ്ഞ് മരിച്ചെന്നാണ് കരുതിയിരുന്നെങ്കിലും അച്ഛന്‍ സുരേഷിന് തോന്നിയ ചില സംശയങ്ങള്‍ സത്യം പുറത്തുകൊണ്ടുവരികയായിരുന്നു. 26കാരിയായ ഭാരതിക്ക് അതേ ഗ്രാമത്തിലെ 22കാരിയായ സുമിത്ര എന്ന യുവതിയുമായി ബന്ധമുണ്ടായിരുന്നു. അതീവ രഹസ്യമായി സൂക്ഷിച്ച ബന്ധമായതിനാല്‍ ഭാരതിയുടെ ഭര്‍ത്താവ് ജോലിക്ക് പോയതിന് ശേഷമാണ് ഇരുവരും തമ്മില്‍ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നത്. 

സുരേഷിനും ഭാരതിക്കും മൂന്നാമതൊരു കുഞ്ഞ് കുടി ഉണ്ടായതില്‍ സുമിത്രക്ക് എതിര്‍പ്പുണ്ടായിരുന്നു. ഇരുവരുടെയും ബന്ധത്തിന് കുഞ്ഞ് ഒരു തടസമാണെന്നും ഇരുവര്‍ക്കും തമ്മില്‍ കാണാന്‍ സമയം തികയുന്നില്ലെന്നതുമായിരുന്നു ഇതിന് കാരണം. ഇതിന്‍റെ പേരില്‍ നിരന്തരം പ്രശ്നങ്ങള്‍ ഉടലെടുത്തു. പിന്നാലെ സുമിത്ര കുഞ്ഞിനെ ഒഴിവാക്കണമെന്ന് ഭാരതിയോട് ആവശ്യപ്പെട്ടു. ഇതോടെ ഭാരതി കുഞ്ഞിനെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു. കുഞ്ഞിന് പാല്‍ നല്‍കിയ ശേഷം ഭാരതി കുഞ്ഞിന്‍റെ വായ പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. മുലയൂട്ടുന്നതിനിടെ പാല്‍ തലച്ചോറില്‍ കയറി കുട്ടിക്ക് അനക്കമില്ലാതായെന്നായിരുന്നു ഭാരതി ബന്ധുക്കളോടു പറഞ്ഞിരുന്നത്.

കുഞ്ഞിന്‍റെ സംസ്കാര ചടങ്ങുകള്‍ കഴിഞ്ഞ് വീട്ടില്‍ എത്തിയ ഭര്‍ത്താവ് സുരേഷിനു ഭാരതിയുടെ രഹസ്യ ഫോണ്‍ ലഭിച്ചതോടെയാണു ക്രൂരകൊലയുടെ ചുരുളഴിയുന്നത്. മരണശേഷം കുഞ്ഞിന്‍റെ  കാല്‍ത്തളയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് ശല്യം ഒഴിഞ്ഞു എന്ന് ഭാരതി സുമിത്രക്ക് സന്ദേശം അയച്ചിരുന്നു. ഇത് കണ്ട സുരേഷ്  പൊലീസിനെ സമീപിച്ചു. സുമിത്രയുടെ നിര്‍ദേശപ്രകാരമാണു കുട്ടിയെ ഒഴിവാക്കിയതെന്ന് ഭാരതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ഇരുവരുടെയും ബന്ധം വ്യക്തമാക്കുന്ന നിരവധി റീലുകളും പൊലീസ് കണ്ടെടുത്തു. കൂടാതെ ഇവരുവരും തമ്മിലുള്ള സ്വകാര്യ നിമിഷങ്ങളുടെ ഫോട്ടോകളും ദൃശ്യങ്ങളും ഫോണില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. തുടര്‍ന്നാണ് ഇരുവരുടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്.

ENGLISH SUMMARY:

Child murder is a tragic event in Tamil Nadu where a woman killed her six-month-old baby to be with her same-sex partner. The investigation revealed a disturbing plot fueled by jealousy and a desire to eliminate obstacles in their relationship.