പത്തനംതിട്ട തിരുവല്ലയില്‍ പ്രണയപ്പകയില്‍ വിദ്യാര്‍ഥിനിയെ തീകൊളുത്തി കൊന്ന കേസില്‍ പ്രതി അജിന്‍ റെജി മാത്യുവിന് ജീവപര്യന്തം. റാന്നി സ്വദേശിനി കവിതയെ കൊലപ്പെടുത്തിയ കേസില്‍ കാമുകനായിരുന്ന അജിന്‍ റെജി മാത്യു കുറ്റക്കാരനെന്ന് പത്തനംതിട്ട അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു. 2019 മാര്‍ച്ച് 12നായിരുന്നു കൊല. സിസിടിവി ദൃശ്യങ്ങള്‍ അടക്കം തെളിവായതോടെ തടഞ്ഞുനിര്‍ത്തലും കൊലപാതകവും അടക്കം കുറ്റകൃത്യങ്ങള്‍ തെളിഞ്ഞിരുന്നു.
കൊലപാതകം, വഴിതടയൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞതായി കോടതി കണ്ടെത്തി. പിഴത്തുകയായ അഞ്ചുലക്ഷം രൂപ കവിതയുടെ കുടുംബത്തിന് നൽകണം. ഈ തുക അടച്ചില്ലെങ്കിൽ പ്രതി അധിക ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരും. കേസിൽ നിർണായക തെളിവായത് സിസിടിവി ദൃശ്യങ്ങളാണ്. പ്രതിക്ക് വധശിക്ഷ നൽകണമെന്ന് കവിതയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു.