മൂന്നാറിൽ വഴിയോര കടകൾ കുത്തി തുറന്ന് വ്യാപക മോഷണം. മൂന്നാർ - മാട്ടുപ്പെട്ടി റോഡിലെ മൂന്ന് കടകളിലാണ് മോഷണം നടന്നത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് മോഷ്ടാവിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി.
പുലർച്ചെ രണ്ട് മണിയോടെയാണ് മൂന്നാറിലെ വഴിയോര കടകൾ കേന്ദ്രീകരിച്ച് മോഷണം നടന്നത്. കടയിൽ ഉണ്ടായിരുന്ന കരിക്കും ചോക്ലേറ്റും പണവും ഉൾപ്പെടെ കൈക്കലാക്കിയ മോഷ്ടാവ് കടന്നു കളഞ്ഞു. 10000 രൂപയുടെ നഷ്ടമുണ്ടായെന്ന് ചൂണ്ടിക്കാട്ടി കച്ചവടക്കാർ പൊലീസിൽ പരാതി നൽകി
മാസങ്ങൾക്ക് മുമ്പ് സമാനരീതിയിൽ വഴിയോര കടകൾ കേന്ദ്രീകരിച്ച് മോഷണം നടന്നിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടിയെങ്കിലും വീണ്ടും മോഷണം നടന്നതോടെ കച്ചവടക്കാർ ആശങ്കയിലാണ്. പ്രദേശത്ത് രാത്രി പട്രോളിങ് ശക്തമാക്കണമെന്നും മോഷ്ടാവിനെ പിടികൂടണമെന്നുമാണ് കച്ചവടക്കാരുടെ ആവശ്യം. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് മോഷ്ടാവിനെ കണ്ടെത്താൻ അന്വേഷണം തുടങ്ങിയെന്ന് മൂന്നാർ പൊലീസ് അറിയിച്ചു