എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം
ബെംഗളൂരുവിൽ നടക്കാനിറങ്ങിയ യുവതിക്കു നേരെ ലൈംഗികാതിക്രമമെന്ന് പരാതി. ശനിയാഴ്ച ഇന്ദിരാ നഗറിലായിരുന്നു സംഭവം. നടക്കാനിറങ്ങിയ യുവതിയെ നോക്കി മുപ്പത് വയസുതോന്നിക്കുന്ന അജ്ഞാതനായ യുവാവ് സ്വയംഭോഗം ചെയ്തുവെന്നാണ് പരാതി. അജ്ഞാതനായ യുവാവിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
ശനിയാഴ്ച രാവിലെ പതിനൊന്നു മണി കഴിഞ്ഞാണ് 33 കാരിയായ യുവതി തന്റെ നായയുമായി പതിവുപോലെ നടക്കാനിറങ്ങിയത്. പിന്നാലെ ഏകദേശം 30 വയസ്സ് തോന്നിക്കുന്ന അജ്ഞാതനായ യുവാവ് യുവതിയുടെ അടുത്തേക്ക് വന്നു. മാഡം എന്നയാള്‍ പിന്നില്‍ നിന്നു വിളിക്കുകയും യുവതി തിരിഞ്ഞു നോക്കുകയും ചെയ്തു. കണ്ടതാകട്ടെ, നഗ്നനായി തന്‍റെ മുന്നില്‍ നിന്ന് സ്വയംഭോഗം ചെയ്യുന്ന യുവാവിനെയാണെന്ന് യുവതി പറയുന്നു.
അയാളുടെ അപ്രതീക്ഷിത പെരുമാറ്റത്തിൽ ഭയന്നുപോയ യുവതി നടത്തം അവസാനിപ്പിച്ച് വീട്ടിലേക്കോടി. ഉടന്‍ വീട്ടിലെത്തുകയും സംഭവം സഹോദരിയെ അറിയിക്കുകയും ചെയ്തു. സഹോദരിയുടെയും സുഹൃത്തിന്‍റെയും സഹായത്തോടെയാണ് പൊലീസിൽ പരാതി നൽകുന്നത്. സംഭവത്തില്‍ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 75 പ്രകാരം പൊതുസ്ഥലത്ത് മോശമായി പെരുമാറിയതിനും ലൈംഗിക അതിക്രമത്തിനും ഇന്ദിരാനഗർ പൊലീസ് അജ്ഞാതനായ പുരുഷനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതായും പ്രതിയെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും പൊലീസ് പറഞ്ഞു.