സംസ്ഥാനത്ത് തീവ്ര വോട്ടര്‍പട്ടിക പരിഷ്ക്കരണ നടപടികള്‍ക്ക് തുടക്കമായി. ബൂത്ത് ലെവല്‍ ഉദ്യോഗസ്ഥര്‍ വീടുകളിലെത്തിയുള്ള പരിശോധന ഇന്നു മുതല്‍ ഒരുമാസക്കാലം തുടരും. എല്ലാ വോട്ടര്‍മാരുടെയും സമ്മതിദാന അവകാശം ഉറപ്പാക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഒാഫീസര്‍ മനോരമന്യൂസിനോട് പറഞ്ഞു. ബി.എല്‍.ഒ.മാര്‍ക്ക് മറ്റ് ഒൗദ്യോഗിക ചുമതലകള്‍ നല്‍കരുതെന്ന നിര്‍ദേശം മുഖ്യതിരഞ്ഞെടുപ്പ് ഒാഫീസര്‍ പുറപ്പെടുവിച്ചു.
ഭരണ പ്രതിപക്ഷങ്ങള്‍ ഒരുപോലെ എതിര്‍പ്പ് ഉയര്‍ത്തിയിരിക്കുന്നതിനിടെയാണ് സമഗ്ര വോട്ടര്‍ പട്ടികാ പരിഷ്ക്കരണം സംസ്ഥാനത്ത് ആരംഭിച്ചത്. പ്രമുഖ വ്യക്തികളുടെ വീടുകളില്‍ കലക്ടര്‍മാര്‍ നേരിട്ടെത്തിയാണ് വോട്ടര്‍ പട്ടിക പരിഷ്ക്കരണ നടപടികള്‍ക്ക് തുടക്കം കുറിച്ചത്. കലാമണ്ഡലം ഗോപിയാശാന്‍റെ വീട്ടില്‍നിന്നാണ് തൃശൂര്‍ ജില്ലയിലെ എസ്.ഐ.ആര്‍ തുടങ്ങിയത്. കണ്ണൂരില്‍ എഴുത്തുകാരന്‍ ടി.പദ്മനാഭന്‍റെ വീട്ടിലെത്തി കലക്ടര്‍ രേഖകള്‍ നല്‍കി. കുറ്റമറ്റരീതിയില്‍ വോട്ടര്‍പട്ടികാ പരിഷ്ക്കരണം പൂര്‍ത്തിയാക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഒാഫീസര്‍ പറഞ്ഞു.
ഇന്നു മുതല്‍ ഒരുമാസം കൊണ്ട് സംസ്ഥാനത്തെ 2.78 കോടി വോട്ടര്‍മാരെയും നേരിട്ടുകണ്ട് പട്ടികയില്‍പേര് ഉറപ്പിക്കുകയാണ് എസ്.ഐ.ആറിന്‍റെ നടപടി ക്രമം. 2002 വോട്ടര്‍പട്ടികയെ അടിസ്ഥാനമാക്കിയാണ് പരിശോധന. ഒഴിവാക്കേണ്ട പേരുകള്‍ പട്ടികയില്‍ നിന്ന് മാറ്റുക, പുതിയ പേരുകള്‍ചേര്‍ക്കുക , സ്ഥലം മേല്‍വിലാസം എന്നിവയിലെ മാറ്റങ്ങള്‍ വരുത്തുക, ഇരട്ടവോട്ട് പൂര്‍ണമായും ഒഴിവാക്കുക എന്നിവയും എസ്.ഐ.ആറിന്‍റെ ലക്ഷ്യമാണ്. എസ്.എ.ആര്‍ ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിച്ചിട്ടുണ്ട്.