കൊൽക്കത്തയെ നടുക്കി വീണ്ടും കൂട്ടബലാല്‍സംഗം. ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന എട്ടാം ക്ലാസുകാരിയെ നാലുപേര്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്തു. കൊൽക്കത്തയിലെ ഡം ഡം പ്രദേശത്താണ് ക്രൂരകൃത്യം അരങ്ങേറിയത്. കേസില്‍ മൂന്നുപേരെ പൊലീസ് പിടികൂടിയിട്ടുണ്ട്.
ശനിയാഴ്ച വൈകുന്നേരം ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോളാണ് സംഭവം. ഒരു സുഹൃത്തിനോട് കമലാപൂർ പാർക്കിൽ സംസാരിക്കുകയായിരുന്നു കുട്ടി. പിന്നാലെ ഇയാളുടെ സുഹൃത്തായ രണ്ടു യുവാക്കള്‍ കൂടി സ്ഥലത്തെത്തി. മൂവരും ചേർന്ന് വിദ്യാര്‍ഥിനിയെ ഇ-റിക്ഷയില്‍ ബലമായി കയറ്റിക്കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് മോട്ടിലാൽ കോളനിയിലെ ഒരു വീട്ടിലെത്തിച്ച് കൂട്ടബലാല്‍സംഗം ചെയ്തതായി പൊലീസ് പറയുന്നു.
രാത്രിയോടെ പ്രതികൾ മദ്യലഹരിയിലായപ്പോള്‍ പെൺകുട്ടി രക്ഷപ്പെട്ട് വീട്ടിലെത്തുകയായിരുന്നു. സംഭവം അറിഞ്ഞ മാതാപിതാക്കൾ ഡം ഡം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പ്രതികളിൽ ഒരാളെ പെൺകുട്ടിക്ക് പരിചയമുള്ളതിനാൽ ആദ്യം അയാളെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് മറ്റ് രണ്ടുപേരെയും അറസ്റ്റ് ചെയ്തു.
ഡം ഡമിലെ കാളിധാം കോളനിയിലെ സുഭോജിത്ത് എന്ന സഞ്ജു സാഹ (22), ബീകെ പാസ്വാൻ (22), ഡി കോളനിയിലെ രാകേഷ് എന്ന രാജേഷ് പാസ്വാൻ (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സഞ്ജു സാഹയും ബീകെ പാസ്വാനും ഇ-റിക്ഷ ഓടിക്കുന്നവരാണെന്നും രാജേഷ് പാസ്വാൻ ദിവസ വേതനക്കാരനാണെന്നും പൊലീസ് പറഞ്ഞു. സഞ്ജു സാഹയെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിലും വിക്കി പാസ്വാനെ ഒരു ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലും വിട്ടു.
അതേസമയം, കുറ്റവാളികൾക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ ഡം ഡം പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധിച്ചു. കൊൽക്കത്തയിൽ തുടർച്ചയായുണ്ടാകുന്ന കൂട്ട ബലാത്സംഗ കേസുകളിൽ ഏറ്റവും ഒടുവിലത്തേതാണിത്.