തിരുവനന്തപുരം മാറനല്ലൂരിൽ വീട് കുത്തിത്തുറന്ന് 40 പവൻ സ്വർണ്ണാഭരണങ്ങൾ കവർന്നു. പുന്നാവൂരിൽ വിജയ് ബാബുവിന്റെ വീട്ടിലാണ് വൻ മോഷണം നടന്നത്. മാറനല്ലൂർ പുന്നാവൂർ റോഡരികത്ത് കൈതയിൽ വിജയ് ബാബുവും കുടുംബവും രാത്രി എട്ടുമണിയോടെയാണ് പള്ളിയിലെ പ്രത്യേക പ്രാർഥനയ്ക്ക് പോയത്. ഈ സമയത്താണ് കവർച്ച നടന്നത്.
വീട്ടുകാർ പള്ളിയിൽ നിന്ന് മടങ്ങിവന്ന ശേഷമാണ് മോഷണ വിവരം നാട്ടുകാർ അറിയുന്നത്. വീടിന്റെ പിറകുവശത്തെ വാതിൽക്കുത്തിപ്പൊളിച്ച് അകത്തുകടന്ന് കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 40 പവൻ വരുന്ന വളകൾ, നെക്ലേസ്, മാല ഉൾപ്പെടെയാണ് കവർന്നത്. തടി അലമാരയും കമ്പിപ്പാര ഉപയോഗിച്ച് കുത്തിപ്പൊളിച്ച നിലയിലാണ്. ബാബുവിന്‍റെ മരുമകൾ അനീഷയുടെതാണ് ആഭരണങ്ങൾ. അനീഷയുടെ ഭർത്താവ് സാബു വിദേശത്താണ്.
വീടിന്റെ മുൻവശത്ത് സിസിടിവി ഉണ്ടെങ്കിലും പിറകുവശത്ത് ഇല്ല. ഇത് അറിയാവുന്നവർ തന്നെയാണ് മോഷണം നടത്തിയിട്ടുള്ളതെന്നും പൊലീസ് സംശയിക്കുന്നു. അതേസമയം, മാറനല്ലൂർ പ്രദേശത്ത് രണ്ടുമാസത്തിനിടെ 15ലേറെ മോഷണ സംഭവങ്ങളാണ് ഉണ്ടായത്. ഒരുകേസിലും പ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ലെന്നാണ് മാറനല്ലൂർ പൊലീസിന്റെ പൊൻതൂവൽ. ഏതായാലും പതിവുപോലെ വിജയ് ബാബുവിന്‍റെ വീട്ടിലും പൊലീസ് എത്തി വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. പൊലീസിന്‍റെ അനാസ്ഥയാണ് മോഷണം വര്‍ധിക്കാന്‍ കാരണമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.