പോക്കറ്റ് മണിക്കായിഓണ്‍ലൈന്‍ സൈബര്‍തട്ടിപ്പ് സംഘങ്ങള്‍ക്ക് സംസ്ഥാനത്ത് അക്കൗണ്ടുകള്‍ വില്‍പന നടത്തിയത് ആയിരകണക്കിന് വിദ്യാര്‍ഥികള്‍. ഓപ്പറേഷന്‍ സൈ ഹണ്ടില്‍ കൊച്ചിയില്‍ തട്ടിപ്പ് സംഘത്തിന്‍റെ കണ്ണികളായി പ്രവര്‍ത്തിച്ച മൂന്ന് വിദ്യാര്‍ഥികള്‍ പണം പിന്‍വലിക്കുന്നതിനിടെ പിടിയിലായി. ഒരൊറ്റ ദിവസം 25 ലക്ഷം രൂപവരെയാണ് വിദ്യാര്‍ഥികളുടെ അക്കൗണ്ടില്‍ വന്ന് നിറഞ്ഞത്.
സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷന്‍ സൈ ഹണ്ടിലാണ് കൊച്ചിയില്‍ മൂന്ന് വിദ്യാര്‍ഥികള്‍ പിടിയിലായത്. വിവിധ ബാങ്കുകളിലെ ബ്രാഞ്ചുകളിലെത്തി തട്ടിപ്പ് പണം പിന്‍വലിക്കുന്നതിനിടെ ഏലൂര്‍ സ്വദേശി അഭിഷേക് വിജു, വെങ്ങോല സ്വദേശി ഹാഫിസ്, എടത്തല സ്വദേശി അല്‍ത്താഫ് എന്നിവരെ പൊലീസ് കയ്യോടെ പൊക്കി. നാല് അക്കൗണ്ടുകളിലില്‍ നിന്നായി പിന്‍വലിച്ചത് ആറ് ലക്ഷത്തിലേറെ രൂപ. കൊച്ചിയിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികളായ മൂന്ന് പേരുടെയും പ്രായം 21 വയസ് മാത്രം. കളമശേരി കാനറാ ബാങ്ക് അക്കൗണ്ടില്‍ നിന്ന് എണ്‍പതിനായിരം രൂപ പിന്‍വലിക്കുന്നതിനിടെ അഭിഷേകാണ് ആദ്യം പിടിയിലായത്.
അഭിഷേകിന്‍റെ അക്കൗണ്ട് മറ്റൊരു സൈബര്‍ കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനാല്‍ നിരീക്ഷണത്തിലായിരുന്നു. അഭിഷേകിനെ ചോദ്യം ചെയ്തതോടെയാണ് സുഹൃത്തായ ഹാഫിസിനാണ് അക്കൗണ്ട് നല്‍കിയതെന്ന് വിവരം ലഭിക്കുന്നത്. തുടര്‍ന്ന നടത്തിയ അന്വേഷണത്തില്‍ മരടിലുള്ള മഹാരാഷ്ട്ര ബാങ്കിന്‍റെ ബ്രാഞ്ചില്‍ നിന്ന് ഹാഫിസും അല്‍ത്താഫും പിടിയിലായി. ഇവരുടെ കൈവശമുണ്ടായിരുന്നത് ആറ് ലക്ഷത്തിലേറെ രൂപ. സുഹൃത്തുക്കളായ പത്തിലേറെ കോളജ് വിദ്യാര്‍ഥികളെയും മൂവരും സൈബര്‍ തട്ടിപ്പില്‍ പങ്കാളികളാക്കി.
അക്കൗണ്ടിലെത്തുന്ന പണം പിന്‍വലിച്ച് തട്ടിപ്പ് സംഘത്തിന്‍റെ മറ്റ് അക്കൗണ്ടിലേക്ക് ഇവര്‍ കൈമാറി. അന്‍പതിനായിരം രൂപ അക്കൗണ്ടിലെത്തിയാല്‍ അയ്യായിരം രൂപ കമ്മിഷന്‍ വ്യവസ്ഥയിലായിരുന്നു ഇടപാടുകള്‍. പെരുമ്പാവൂര്‍ സ്വദേശിയാണ് ഇവരെ നിയന്ത്രിച്ചിരുന്നതെന്നാണ് സൂചന. ഒന്നരവര്‍ഷത്തിലേറെയായി മൂവരും സൈബര്‍മാഫിയ സംഘത്തിന്‍റെ കണ്ണികളാണ്. കൊച്ചിയില്‍ മാത്രം തട്ടിപ്പ് സംഘങ്ങള്‍ നിയന്ത്രിക്കുന്ന മുന്നൂറിലേറെ അക്കൗണ്ടുകളാണ് കണ്ടെത്തിയത്. ഗൗരവം കണക്കിലെടുത്ത് കോളജുകള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ഥികളെ ബോധവത്കരിക്കാനുള്ള കര്‍മപദ്ധതിക്കും സിറ്റി പൊലീസ് രൂപം നല്‍കി.