Image Credit: X/dpkBopanna

രണ്ട് ലക്ഷം രൂപയ്ക്കടുത്ത് നല്‍കി സാംസങിന്‍റെ സ്മാര്‍ട് ഫോണിനായി കാത്തിരിക്കുകയായിരുന്നു പ്രേമമാനന്ദ്. പക്ഷേ ആമസോണില്‍ നിന്ന് കയ്യില്‍ കിട്ടിയത് ടൈല്‍സ് കഷ്ണം. ബെംഗളൂരുവിലെ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ യുവാവ് തനിക്ക് നേരിട്ട ചതിയെ അണ്‍ബോക്സിങ് വിഡിയോയിലൂടെയാണ് പങ്കുവച്ചത്. ഒക്ടോബര്‍ 14ന് സാംസങ് ഗാലക്സി Z ഫോള്‍ 7 ഫോണിനാണ് പ്രേമാനന്ദ് ആമസോണ്‍ ആപ്പിലൂടെ ഓര്‍ഡര്‍ നല്‍കിയത്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് 1.87 ലക്ഷം രൂപയും അടച്ചു. ദീപാവലിക്ക് തലേ ദിവസം വൈകുന്നേരം കാത്തിരുന്ന ഫോണ്‍ എത്തി. തുറന്നതും പക്ഷേ താന്‍ ഞെട്ടിപ്പോയെന്നും ദീപാവലി ആഘോഷിക്കാന്‍ നിന്ന താന്‍ സങ്കടം കൊണ്ട് ഇല്ലാതെയായിപ്പോയെന്നും യുവാവ് കുറിച്ചു. ഭംഗിയായി പാക്ക് ചെയ്ത ടൈല്‍സ് കഷ്ണമാണ് പാക്കറ്റിലുണ്ടായിരുന്നത്. 

ടൈല്‍സ് കഷ്ണം കയ്യില്‍ കിട്ടിയതും നാഷനല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലില്‍ പ്രേമാനന്ദ് പരാതി നല്‍കി. ഒട്ടും വൈകാതെ കുമാരസ്വാമി ലേഔട്ട് പൊലീസ് സ്റ്റേഷനിലും നേരിട്ടെത്തി പരാതി നല്‍കി. പൊലീസും സൈബര്‍ പൊലീസും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവാവിന്‍റെ പരാതിയെ തുടര്‍ന്ന് 1.87 ലക്ഷം രൂപയും ആമസോണ്‍ റീഫണ്ട് ചെയ്തു. ഓണ്‍ലൈന്‍ ഷോപ്പിങ് നടത്തുമ്പോള്‍ അതീവ ജാഗ്രത വേണമെന്നും യുവാവ് വിഡിയോയില്‍ പറയുന്നു. 

'സ്റ്റോണ്‍  ടൈല്‍ അണ്‍ബോക്സിങ്,. ഇപ്പോഴാണ് ശരിക്കും വാറന്‍റിക്ക് പാറ പോലെ ഉറപ്പ്' വന്നതെന്നും ഒരാള്‍ കുറിച്ചു. 'ഫോണ്‍ വാങ്ങുമ്പോള്‍ ലാഭം നോക്കി ഓണ്‍ലൈന്‍ സൈറ്റുകളിലേക്ക് പോകരുതെന്നും നേരിട്ട് പരിശോധിച്ച് ഉറപ്പ് വരുത്തി മാത്രം വാങ്ങണ'മെന്നുമായിരുന്നു മറ്റൊരാളുടെ ഉപദേശം.

ENGLISH SUMMARY:

Premanand, a software engineer from Bengaluru, received a piece of tile instead of the ₹1.87 lakh Samsung Galaxy Z Fold 7 he ordered and paid for on Amazon. The disappointed customer shared his unboxing video and immediately filed a complaint with the National Cyber Crime Reporting Portal and local police. Amazon subsequently refunded the full amount. He warned the public to exercise extreme caution when online shopping.