Image Credit: X/ians
പ്രണയബന്ധം അമ്മ എതിര്‍ത്തതോടെ മകളും സുഹൃത്തുക്കളും ചേര്‍ന്ന് കൊന്ന് കെട്ടിത്തൂക്കി. തെക്കന്‍ ബെംഗളൂരുവിലെ ഉത്തരഹള്ളിയിലാണ് സംഭവം. ഉത്തരഹള്ളിയിലെ മാരമ്മ ടെംപിള്‍ റോഡിനടുത്ത് താമസിക്കുന്ന നേത്രാവതി (34) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ നേത്രാവതി മകളുമൊത്താണ് താമസിച്ചുവന്നത്. സ്വകാര്യ കമ്പനിയില്‍ ടെലി കോളറായി ജോലി ചെയ്തുവരികയായിരുന്നു.
പെണ്‍കുട്ടിയും നാല് ആണ്‍സുഹൃത്തുക്കളും ചേര്‍ന്ന് യുവതിയെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. ഏഴാംക്ലാസുകാരന്‍ ഉള്‍പ്പടെ പ്രതിക്കൂട്ടത്തില്‍ ഉണ്ടെന്നും പൊലീസ് കണ്ടെത്തി. മറ്റുള്ളവരെല്ലാം പതിനാറും പതിനേഴും വയസ്പ്രായമുള്ളവരാണ്.
പെണ്‍കുട്ടിയുടെ അമ്മായിയുടെ മകന്‍റെ സുഹൃത്തുമായുള്ള പ്രണയത്തെ നേത്രാവതി എതിര്‍ത്തതാണ് കൃത്യത്തിന് കാരണമെന്നാണ് നിലവിലെ കണ്ടെത്തല്‍. മകളുടെ കാമുകനും സുഹൃത്തുക്കളും പതിവായി വീട്ടിലെത്തിയിരുന്നത് അയല്‍വാസികള്‍ പറഞ്ഞ് നേത്രാവതി അറിഞ്ഞു. ഇതോടെ കാമുകനായ ആണ്‍കുട്ടിയെ വിളിച്ച് ശകാരിക്കുകയും മേലില്‍ തന്‍റെ വീട്ടില്‍ വരികയോ മകളെ കാണുകയോ ചെയ്യരുതെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
ഒക്ടോബര്‍ 24ന് പെണ്‍കുട്ടിയും കാമുകനും മറ്റ് സുഹൃത്തുക്കളുമായി ബെംഗളൂരുവിലെ മാളില്‍ വച്ച് കൂടിക്കാഴ്ച നടത്തി അമ്മയെ വകവരുത്താന്‍ പദ്ധതിയിട്ടു. വൈകുന്നേരം മദ്യപിച്ച ശേഷം അമ്മ നേരത്തേ ഉറങ്ങുമെന്നും ഈ സമയത്ത് വീട്ടിലെത്തിയാല്‍ മതിയെന്നുമായിരുന്നു നിര്‍ദേശം. ഇതനുസരിച്ച് കാമുകനും സുഹൃത്തുക്കളുമായി വീട്ടിലെത്തി. വീടിനുള്ളിലെ ബഹളം കേട്ട് നേത്രാവതി ഉണര്‍ന്നു. മകളുടെ കാമുകനെയും കൂട്ടുകാരെയും കണ്ടതോടെ ക്ഷുഭിതയായി. മദ്യലഹരിയിലുള്ള നേത്രാവതിയെ യുവാക്കള്‍ ചേര്‍ന്ന് കഴുത്തില്‍ തോര്‍ത്ത് ചുറ്റി ശ്വാസംമുട്ടിച്ച് കൊന്നു. മരിച്ചെന്ന് ഉറപ്പുവരുത്തിയതോടെ ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാനും ശ്രമിച്ചു. പിന്നാലെ അലമാരയില്‍ നിന്ന് സാരിയെടുത്ത ശേഷം മുറിയിലെ ഫാനില്‍ കെട്ടിത്തൂക്കുകയായിരുന്നു. ഭയന്നുപോയ പെണ്‍കുട്ടി വീട് പൂട്ടിയ ശേഷം കാമുകനുമൊത്ത് സ്ഥലംവിട്ടു.
ജോലി ആവശ്യത്തിനായി ബെംഗളൂരുവിലേക്ക് പോയിരുന്ന നേത്രാവതിയുടെ പങ്കാളി വീട്ടിലെത്തിയപ്പോഴാണ് വീട് പൂട്ടിയ നിലയില്‍ കണ്ടത്. പുറത്ത് പോയതാകുമെന്ന് കരുതി ഇയാള്‍ സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോകുകയും ചെയ്തു. അഞ്ചുവര്‍ഷമായി നേത്രാവതി ഇയാളുമായി ബന്ധത്തിലായിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും നേത്രാവതിയെ കാണാതായതോടെ ബന്ധുവായ അനിത , യുവാവിനെ വിളിച്ച് നേത്രാവതി ഒപ്പമുണ്ടോയെന്ന് അന്വേഷിച്ചു. എന്നാല്‍ നേത്രാവതി തനിക്കൊപ്പമില്ലെന്നും വീട് പൂട്ടിക്കിടന്നതിനാല്‍ താന്‍ തിരികെ പോന്നുവെന്നും യുവാവ് അറിയിച്ചു. സംശയം തോന്നിയ ഇരുവരും നേത്രാവതിയുടെ വീട്ടിലേക്ക് മടങ്ങിയെത്തി. ജനാല പൊളിച്ച് നോക്കിയപ്പോള്‍ തൂങ്ങിയ നിലയില്‍ നേത്രാവതിയെ കണ്ടെത്തി. ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
മകള്‍ കാമുകനൊപ്പം ഒളിച്ചോടിയ വിഷമത്തില്‍ നേത്രാവതി തൂങ്ങിമരിച്ചുവെന്നാണ് ബന്ധുക്കളടക്കം കുരതിയത്. എന്നാല്‍ മുത്തശ്ശിയുടെ വീട്ടിലെത്തിയ പെണ്‍കുട്ടി അസ്വാഭാവികമായി പെരുമാറാന്‍ തുടങ്ങി. മുത്തശ്ശി ചോദ്യം ചെയ്തതോടെ താനും കൂട്ടുകാരും ചേര്‍ന്ന് അമ്മയെ കൊന്നുവെന്നും പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ഇത് വകവയ്ക്കാതെ മുത്തശ്ശി വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു.