മന്ത്രവാദത്തിന് വഴങ്ങാത്തതിന്റെ പേരിൽ ഭർത്താവ് ഭാര്യയുടെ മുഖത്തേക്ക് തിളച്ച മീൻ കറിയൊഴിച്ചു. കൊല്ലം ചടയമംഗലം സ്വദേശിനിയായ രാജീലയ്ക്കാണ്. മുഖത്തും കഴുത്തിലുമായി ഗുരുതരമായി പൊള്ളലേറ്റത്. ഭർത്താവ് സജീറാണ് ഈ ക്രൂരകൃത്യം ചെയ്തത്.
രോഗം മാറാതിരുന്നതിനെ തുടർന്ന് രാജീലയും സജീറും ചേർന്ന് ഒരു മന്ത്രവാദിയുടെ അടുത്ത് പോയിരുന്നു. അവിടെനിന്ന് വീട്ടിൽ തിരിച്ചെത്തിയ ശേഷം ചില മന്ത്രവാദപരമായ കാര്യങ്ങൾ വീട്ടിൽ വെച്ച് ചെയ്യണമെന്ന് മന്ത്രവാദി ആവശ്യപ്പെട്ടു. മുഖത്ത് ഭസ്മം തേക്കുക, മുടി പിരുത്തിയിടുക തുടങ്ങിയ കാര്യങ്ങളാണ് രാജീലയോട് ചെയ്യാൻ നിർബന്ധിച്ചത്.
എന്നാൽ ഈ മന്ത്രവാദംകൊണ്ട് കാര്യമില്ലെന്ന് പറഞ്ഞ് രാജീല ഈ കാര്യങ്ങൾ ചെയ്യാൻ വിസമ്മതിച്ചു. ഇതിൽ പ്രകോപിതനായ സജീർ അടുക്കളയിൽ തിളപ്പിച്ചുവെച്ചിരുന്ന മീൻകറി എടുത്ത് രാജീലയുടെ മുഖത്തേക്ക് ഒഴിക്കുകയായിരുന്നു. മീൻകറിയുടെ ചൂടിൽ രാജീലയുടെ മുഖത്തും കഴുത്തിലും ഗുരുതരമായി പൊള്ളലേറ്റു.
ഉടൻതന്നെ രാജീലയെ അഞ്ചലിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം അവർ ഇപ്പോൾ ചികിത്സയിൽ തുടരുകയാണ്. സംഭവത്തെ തുടർന്ന് രാജീലയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ചടയമംഗലം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ആക്രമണം നടത്തിയ ഭർത്താവ് സജീറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.