മന്ത്രവാദത്തിന് തയ്യാറാവാത്തതിന്റെ വൈരാഗ്യത്തിൽ ഭാര്യയുടെ മുഖത്ത് ഭർത്താവ് തിളച്ച മീൻകറി ഒഴിച്ചു. കൊല്ലം ആയുർ വഞ്ചിപ്പേട്ടി സ്വദേശിനി റെജില ഗഫൂറിനാണ് മുഖത്തും കഴുത്തിലുമായി ഗുരുതരമായി പൊള്ളലേറ്റത്. ഇന്നലെ രാവിലെ ഒന്‍പത് മണിക്കായിരുന്നു അതിക്രമം നടന്നത്. ഭർത്താവ് സജീറീനെതിരെ ചടമംഗലം പൊലീസ് കേസെടുത്തു.

കഴിഞ്ഞ കുറച്ചു നാളുകളായി റെജിലയുടെ ദേഹത്ത് സാത്താൻ കൂടിയിരിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് അഞ്ചൽ ഏറത്തുള്ള മന്ത്രവാദിയുടെ അടുത്ത് സജീർ കൊണ്ടുപോയിരുന്നു. ഇന്നലെ രാവിലെ മന്ത്രവാദിയുടെ അടുത്ത് നിന്ന് ഭസ്മവും തകിടും കൊണ്ടുവന്നു. റെജിലയോട് മുടിയഴിച്ചിട്ട് കുനിഞ്ഞിരിക്കാൻ പറഞ്ഞെങ്കിലും കൂടോത്രം തനിക്ക് വേണ്ടെന്നായിരുന്നു റെജിന ഭർത്താവിനോട് പറഞ്ഞത്. ഇതിൽ പ്രകോപിതനായ സജീർ അടുപ്പിൽ നിന്ന് മീൻകറിയെടുത്ത് റെജീലയുടെ മുഖത്തേക്ക് ഒഴിക്കുകയായിരുന്നു.

റെജിലയുടെ നിലവിളി കേട്ട് നാട്ടുകാരും ബന്ധുക്കളും ഓടിയെത്തി. യുവതിയെ ആദ്യം ആയൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. റെജിലയുടെ മുഖത്തും ദേഹത്തും പൊള്ളലേറ്റിട്ടുണ്ട്. ഇവരുടെ മൊഴി രേഖപ്പെടുത്തിയ ചടയമംഗലം പൊലീസ് ഭർത്താവ് സജീറീനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ENGLISH SUMMARY:

Kerala Crime News: A woman in Kerala was severely injured after her husband threw hot fish curry on her face. The incident occurred because she refused to participate in black magic rituals, leading to a police investigation.