ചേർത്തല സ്വദേശി ഐഷയുടെ കൊലപാതകത്തിൽ പ്രതിയായ പള്ളിപ്പുറം സ്വദേശി ടി.എം.സെബാസ്റ്റ്യനെതിരെ കൂടുതൽ തെളിവുകൾ. കസ്റ്റഡിയിൽ വാങ്ങിയ സെബാസ്റ്റ്യനെ സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും അടിസ്ഥാനമാക്കി ചോദ്യം ചെയ്തപ്പോഴാണ് ഐഷയെയും കോലപ്പെടുത്തിയത് സെബാസ്റ്റ്യൻ തന്നെയെന്ന് വ്യക്തമാകുന്ന തെളിവുകൾ ലഭിച്ചത്. കൊലപ്പെടുത്തിയ കാര്യം ചോദ്യം ചെയ്യലിൽ സെബാസ്റ്റ്യൻ സമ്മതിച്ചുവെന്നാണ് വിവരം. കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടർന്ന് കോടതിയിൽ ഹാജരാക്കിയ സെബാസ്റ്റ്യനെ വീണ്ടും റിമാൻഡ് ചെയ്തു.
സെബാസ്റ്റ്യന്‍റെ പരിചയക്കാരിയായ നെടുമ്പ്രക്കാട് സ്വദേശിനി റോസമ്മയെയും സമീപവാസികളെയും സെബാസ്റ്റ്യനൊപ്പമിരുത്തി പൊലീസ് കഴിഞ്ഞ ദിവസങ്ങളിൽ മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. റോസമ്മയുടെ വീട്ടിൽ സെബാസ്റ്റ്യൻ പതിവായി എത്താറുണ്ടെന്നും ഐഷയുടെ പേരിലുളള സ്‌ഥലത്തിന്‍റെ വിൽപനയുമായി ബന്ധപ്പെട്ട് ഐഷയെ, സെബാസ്റ്റ്യന് പരിചയപ്പെടുത്തിയത് റോസമ്മ ആണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. റോസമ്മയുടെ മൊഴികൾ പരസ്‌പര വിരുദ്ധമായതിനാൽ ഇവരെയും വീണ്ടും ചോദ്യം ചെയ്യും.
അന്വേഷത്തിന്‍റെ ഭാഗമായി ഐഷ താമസിച്ചിരുന്ന വീട്ടിലും സെബാസ്റ്റ്യന്‍റെ സുഹൃത്ത് റോസമ്മയുടെ വീട്ടിലും കഴിഞ്ഞ ദിവസം സെബാസ്റ്റ്യനെ എത്തിച്ച് തെളിവുകൾ ശേഖരിച്ചിരുന്നു. 2006 ൽ കാണാതായ ബിന്ദു പത്മനാഭനെയും 2024 ൽ കാണാതായ ജെയ്‌നമ്മയെയും കൊലപ്പെടുത്തിയ രീതിയിൽ തന്നെ ഐഷയെയും കൊലപ്പെടുത്തിയെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം മുന്നോട്ടു പോകുന്നത്. ഐഷക്കേസിൽ പ്രതിയായ സെബാസ്റ്റ്യന്‍റെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് വീണ്ടും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏറ്റുമാനൂരിലെ ജൈനമ്മ, കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭൻ എന്നിവർ കൊല്ലപ്പെട്ട കേസിലും പ്രതിയായ സെബാസ്റ്റ്യൻ നിലവിൽ റിമാൻഡിലാണ്. ബിന്ദു പത്മനാഭൻ കേസിലും ജയ്‌നമ്മ കേസിലും ക്രൈംബ്രാഞ്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് വാരനാട് സ്വദേശിനി ഐഷ തിരോധാനം കൊലപാതകമാണെന്ന വെളിപ്പെടുത്തലുണ്ടായത്. കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനുവേണ്ടി സെബാസ്റ്റ്യനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും. 2012 ലാണ് ഐഷയെ കാണാതായത്.