'തോളില്‍ കയ്യിട്ടുനടന്നവര്‍ പോലും ശത്രുക്കളായി... കല്യാണത്തിനുപോലും ആരുംവിളിക്കാതായി... മരണവീട്ടില്‍പോലും...'
പ്രേക്ഷകര്‍ മറന്നുകാണില്ല, പത്തനംതിട്ടക്കാരനായ ടിജിന്‍ ജോസഫ് എന്ന ചെറുപ്പക്കാരന്റെ കഥ. സ്വന്തം പങ്കാളിയെ കൊന്ന് കെട്ടിത്തൂക്കിയെന്ന ആരോപണം നേരിട്ടയാള്‍. ഉറ്റവരുടെയും നാട്ടുകാരുടെയും കല്ലേറുകൊണ്ടയാള്‍. അധികം വൈകാതെ യഥാര്‍ഥ പ്രതിയെ പൊലീസ് പിടികൂടി. എങ്കിലും ഈ യുവാവിനുമേല്‍ പതിഞ്ഞസംശയത്തിന്റെ നിഴല്‍ മാറിയില്ലെന്ന തോന്നലായിരുന്നു പരിചയമുള്ളവര്‍ക്കുപോലും. ഇന്ന് പക്ഷേ, എല്ലാ ആരോപണങ്ങളില്‍നിനും ടിജിന്‍ മോചിതനായിരിക്കുന്നു. അന്വേഷണസംഘം പിടികൂടിയ പ്രതിയാണ് യഥാര്‍ഥ കുറ്റക്കാരനെന്ന് കോടതിയും കണ്ടെത്തിയ ദിവസം. അതിന്റെ സന്തോഷത്തിലാണ് ടിജിന്‍.
ആറുവര്‍ഷം മുമ്പുള്ളൊരു കൊലപാതകത്തിന്റെ നടുക്കം ഇപ്പോഴും മാറിയിട്ടില്ല പത്തനംതിട്ട കോട്ടാങ്ങല്‍ ഗ്രാമത്തിന്. ഒപ്പം ഒരു ഓട്ടോഡ്രൈവറുടെ ജീവിതം പാടേ ഇരുട്ടിലായിപ്പോയതിന്റെ വേദനയും. ടിജിന്‍ ജോസഫ് എന്ന യുവാവിന്റെ വീട്ടിലൊരു കൊലപാതകം അരങ്ങേറുന്നു. ടിജനും പിതാവും ആദ്യഭാര്യയിലെ മകനും താമസിക്കുന്ന വീട്ടിലേക്ക് കുറച്ചുമാസങ്ങള്‍ക്കുമുമ്പ് ഒരാള്‍ അതിഥിയി എത്തുന്നു. സ്കൂള്‍ കാലത്ത സഹപാഠി ടിഞ്ചു മൈക്കിള്‍. ഭര്‍ത്താവിനോട് പിണങ്ങിയാണ് വരവ്. സ്കൂള്‍ കാലത്ത് ടിജിനുമായി ടിഞ്ചുവിന് അടുപ്പമുണ്ടായിരുന്നു. ടിഞ്ചുവിന്റെ വരവ് ആദ്യം അത്ഭുതത്തോടെ എടുത്തെങ്കിലും കാര്യമറിഞ്ഞപ്പോള്‍ ടിജിന്‍ ഒപ്പം നിര്‍ത്തി. അധികം വൈകാതെ ടിജിന്റെ പങ്കാളിയായി അവര്‍ ആ വീട്ടില്‍ താമസമാരംഭിച്ചു. ജീവിതം സന്തോഷത്തോടെ പോകുന്നതിനിടയിലാണ് ആ കൊലപാതകം സംഭവിക്കുന്നത്. ടിഞ്ചു മൈക്കിള്‍ കൊല്ലപ്പെട്ടു.
സംശയത്തിന്റെ കണ്ണുകളത്രയും ടിജിനുമേല്‍. ടിജിന്‍ പിതാവിനൊപ്പം ചേര്‍ന്ന് നടത്തിയ കൊലയാണെന്ന് പ്രചാരണമുണ്ടായി. പൊലീസ് അത് മുഖവിലയ്ക്കെടുത്തു. ടിജിനെ പ്രതിയാക്കി പൊലീസ് കേസെടുത്തു. ചോദ്യം ചെയ്യാനെന്ന് പേരില്‍ വിളിച്ചുവരുത്തിയ ടിജിനെ പോലീസ് തല്ലിച്ചതച്ചു. പിന്നീടാണ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നത്. ടിജിനല്ല, കോട്ടാങ്ങല്‍ സ്വദേശി തന്നെയായ നസീർ എന്ന നെയ്മോന്‍ ആണ് യഥാര്‍ഥ പ്രതിയെന്ന് അവര്‍ കണ്ടെത്തി. ബലാത്സംഗം ചെയ്ത ശേഷം കെട്ടി തൂക്കി കൊലപ്പെടുത്തുകയായിരുന്നു. മരംവെട്ടുകാരനായ നെയ്മോനെ ഒരുഘട്ടത്തിലും ആരും സംശയിച്ചിരുന്നില്ല. നാട്ടുകാരുടെ അവഹേളനത്തിനിടയിലും ടിജിനൊപ്പം നിന്നതും ഇതേ നസീറായിരുന്നു.
നസീർ കുറ്റക്കാരൻ എന്ന് കണ്ടെത്തിയതോടെ ടിജിന്‍ കൂടുതല്‍ വെളിച്ചത്തോടെ നില്‍ക്കുകയാണ്. .പത്തനംതിട്ട അഡീഷണല്‍ സെഷന്‍സ് കോടതി ശനിയാഴ്ച ശിക്ഷ വിധിക്കും. പൊലീസ് മര്‍ദനത്തില്‍ പരുക്കേറ്റ ടിജിന്‍ ഒരാഴ്ചയിലധികം കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. ഇനി പുതിയ ജീവിതം.