AI Generated Image

ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ഭാര്യ ഉപേക്ഷിച്ച് പോയതിന് പിന്നാലെ 14വയസ് മാത്രം പ്രായമുള്ള സ്വന്തം മകളെ ബലാല്‍സംഗം ചെയ്തയാള്‍ അറസ്റ്റില്‍. ഫരീദാബാദ് സ്വദേശിയായ 42കാരനാണ് പിടിയിലായത്. രണ്ടുമാസത്തോളമായി ഇയാള്‍ മകളെ ലൈംഗികമായി ഉപദ്രവിച്ചുവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

മദ്യപാനിയായ പ്രതിയുടെ ഉപദ്രവം സഹിക്കാതെ ആറുമക്കളില്‍ ഇളയ രണ്ടുമക്കളുമായി ഇയാളുടെ ഭാര്യ ചര്‍ക്കി ദാദ്രിയിലുള്ള സഹോദരിയുടെ വീട്ടിലേക്ക് പോയി. പീഡനത്തിനിരയായ പെണ്‍കുട്ടി പ്രതിക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. കടുത്ത വയറുവേദനയെയും തലകറക്കത്തെയും തുടര്‍ന്ന് അയല്‍വാസിയായ സ്ത്രീയുടെ അടുത്തെത്തി ആശുപത്രിയില്‍ പോകണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെടുകയായിരുന്നു. ഇവര്‍ ആശുപത്രിയില്‍ എത്തിച്ചതോടെ ഡോക്ടറോട് ഏഴാം ക്ലാസുകാരി , അച്ഛന്‍ തന്നെ ലൈംഗികമായി ഉപയോഗിക്കുന്നുവെന്ന് തുറന്ന് പറയുകയായിരുന്നു. ഡോക്ടര്‍ ഉടന്‍ തന്നെ വിവരം പൊലീസില്‍ അറിയിക്കുകയും ചെയ്തു.

കുട്ടിക്ക് വിശദമായ കൗണ്‍സിലിങ് നല്‍കിയപ്പോള്‍ പതിവായി പിതാവ് മദ്യപിച്ചെത്തുമെന്നും രാത്രിയാകുന്നതോടെ തന്നെ ബലാല്‍സംഗം ചെയ്യുമെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി. ആരോടും ഒന്നും പറയാതെ സഹിച്ച് കഴിയുകയായിരുന്നു പെണ്‍കുട്ടി. ശാരീരിക വേദന സഹിക്കാന്‍ വയ്യാതെ വന്നതോടെയാണ് അയല്‍വാസിയുടെ സഹായം തേടിയത്.

സംഭവത്തില്‍ പോക്സോയടക്കമുള്ള വകുപ്പുകള്‍ ചുമത്തി പെണ്‍കുട്ടിയുടെ പിതാവിനെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. ഇയാളുടെ മറ്റ് മൂന്ന് പെണ്‍മക്കള്‍ക്കും അധികൃതര്‍ കൗണ്‍സിലിങ് നല്‍കിവരികയാണ്. ഇവരെയും പ്രതി ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടോ എന്നതിടലക്കം അന്വേഷണം തുടരുകയാണ്.

ENGLISH SUMMARY:

A 42-year-old man from Faridabad was arrested for allegedly raping his 14-year-old daughter for two months after his wife left due to domestic abuse. Police filed a POCSO case. Read the details of the horrifying crime.