AI Image
ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന സംശയത്തെ തുടര്‍ന്ന് കൊന്ന് മൃതദേഹം കട്ടിലിനടിയില്‍ ഒളിപ്പിച്ച് ഭര്‍ത്താവ്. ഉത്തര്‍പ്രദേശിലെ ബറൈച്ച് സ്വദേശിയായ ഫൂലദേവി (45) ആണ് കൊല്ലപ്പെട്ടത്. ഒക്ടോബര്‍ 10 മുതല്‍ ഫൂലയെ കാണാനില്ലായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് ഹരികിഷനെ(48) പൊലീസ് അറസ്റ്റ് ചെയ്തു.
തന്നോട് പറയാതെ ഭാര്യ എവിടേക്കോ പോയെന്നാണ് അന്വേഷിച്ച അയല്‍വാസികളോട് ഹരികിഷന്‍ പറഞ്ഞത്. എന്നാല്‍ ഫൂലയുടെ കുടുംബത്തിന് ഇതില്‍ സംശയം തോന്നി. ഫൂലയെ തിരഞ്ഞ് വീട്ടിലെത്തിയപ്പോള്‍ മുറിക്കുള്ളില്‍ പുതിയതായി തേച്ച് മിനുക്കിയിരിക്കുന്നതും തറ പൊളിഞ്ഞിരിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടു. ഇതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘം ഹരികിഷന്‍റെ വീട് പരിശോധിച്ചു. ഭിത്തിയും തറയും പൊളിച്ചതോടെ പൊട്ടിയ വളകളും, വെള്ളിക്കൊലുസും കീറിയ വസ്ത്രവും കണ്ടെത്തി. കൂടുതല്‍ കുഴിച്ചതോടെ ഫൂലദേവിയുടെ അഴുകിയ മൃതദേഹവും ദൃശ്യമായി. ആഴത്തിലുള്ള നിരവധി മുറിവുകള്‍ പോസ്റ്റുമോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചു. പൊലീസ് പരിശോധനയ്ക്കെത്തിയ വിവരമറിഞ്ഞ് ഹരികിഷന്‍ സ്ഥലംവിട്ടെങ്കിലും പൊലീസ് പിന്തുടര്‍ന്ന് പിടികൂടി. കടുത്ത മദ്യപാനിയായ ഹരികിഷന്‍ ഫൂലയെ ക്രൂരമായി മര്‍ദിച്ചിരുന്നുവെന്ന് അയല്‍വാസികള്‍ പൊലീസില്‍ മൊഴി നല്‍കി. കൊലപാതകത്തിനും തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിനും ഹരികിഷനെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു.