Image Credit: x/aajtak
വീട്ടിലേക്ക് പോകുന്ന വഴിയില്‍ കടിക്കാനോടിച്ച വളര്‍ത്തുനായയെ കല്ലെറിഞ്ഞ 14കാരനെ അതിക്രൂരമായി ഷോക്കടിപ്പിച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഉന്നാവിലാണ് സംഭവം. ഹൃത്വിക് യാദവെന്ന കൗമാരക്കാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്. അയല്‍ഗ്രാമത്തില്‍ നിന്നും രാമകഥ കേട്ട് വീട്ടിലേക്ക് പോയ ഹൃത്വിക്കിനെ വിശ്വംഭര്‍ ത്രിപാഠിയെന്നയാളുടെ വീട്ടിലെ വളര്‍ത്തുനായ കടിക്കാന്‍ ഓടിച്ചു. പ്രാണരക്ഷാര്‍ഥം വഴിയില്‍ കിടന്ന കല്ലെടുത്ത് ഹൃത്വിക് നായയെ എറിഞ്ഞു. പിന്നാലെ ഓടി രക്ഷപെടുകയും ചെയ്തു.
പിറ്റേ ദിവസം രാവിലെ ത്രിപാഠി ഇളയമകനും രണ്ട് സുഹത്തുക്കളുമായി ഹൃത്വിക്കിന്‍റെ വീട്ടിലെത്തി. വീട്ടില്‍ നിന്ന് വിളിച്ചിറക്കിയ ശേഷം അടിച്ച് അവശനാക്കി. പിന്നാലെ തന്‍റെ കാലിലെ ചെരിപ്പ് ഹൃത്വികിനെ കൊണ്ട് നക്കിച്ചു. ദേഷ്യം തീരാതിരുന്നതിനെ തുടര്‍ന്ന് വലിച്ചിഴച്ച് കൂട്ടിക്കൊണ്ട് പോയ ശേഷം ഷോക്കടിപ്പിക്കുകയും ബലമായി വായിലേക്ക് വിഷം ഒഴിച്ച് നല്‍കുകയുമായിരുന്നു. അവശനിലയില്‍ വീട്ടിലെത്തിയ ഹൃത്വികിനെ വീട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
തന്‍റെ മകന്‍റേത് കൊലപാതകമാണെന്നും ത്രിപാഠിക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്യണമെന്നും ആവശ്യപ്പെട്ട് ഹൃത്വികിന്‍റെ അമ്മ പൊലീസിനെ സമീപിച്ചു. വിഷയത്തിലിടപെട്ട സമാജ്വാദി പാര്‍ട്ടി പൊലീസ് അനാസ്ഥ കാട്ടിയെന്നും ഹൃത്വിക്കിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് വലിയ പ്രതിഷേധം ഉയര്‍ത്തി. എന്നാല്‍ പൊലീസിന് വീഴ്ചയില്ലെന്നും കുടുംബത്തിന്‍റെ പരാതിയില്‍ കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയാണെന്നാണ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ ദീപക് യാദവ് വാര്‍ത്താ ഏജന്‍സികളോട് പ്രതികരിച്ചത്.