വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് അഞ്ഞൂറിലേറെ ഉദ്യോഗാര്‍ഥികളില്‍ നിന്ന് പണംതട്ടിയ ബെഥനി ടൂര്‍സ് ഡയറക്ടര്‍ അറസ്റ്റില്‍. തൊടുപുഴ സ്വദേശി ജ്യോതിഷിനെ ബെംഗളൂരുവില്‍ നിന്നാണ് കൊച്ചി സെന്‍ട്രല്‍ പൊലീസ് പിടികൂടിയത്. ഒന്ന് മുതല്‍ മൂന്ന് ലക്ഷം വരെയാണ് ഓരോ ഉദ്യോഗാര്‍ഥികളില്‍ നിന്ന് ജ്യോതിഷ് തട്ടിയത്.
എട്ട് മാസമായി പൊലീസിനെ വെട്ടിച്ച് നടന്ന ജ്യോതിഷ് ഒടുവില്‍ കുടുങ്ങി. കൊച്ചിയില്‍ മുങ്ങിയ ജ്യോതിഷ് ബെംഗളൂരുവിലാണെന്ന് സെന്‍ട്രല്‍ പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. എസ്ഐ അനൂപ് ചാക്കോയും സംഘവും രണ്ട് തവണ ബെംഗളൂരുവിലെത്തിയെങ്കിലും തലനാരിഴയ്ക്ക് ജ്യോതിഷ് രക്ഷപ്പെട്ടു. എട്ട് മാസം മുന്‍പ് തട്ടിപ്പിനിരയായവര്‍ പരാതി നല്‍കിയത് മുതല്‍ ജ്യോതിഷിന് പിന്നാലെ സെന്‍ട്രല്‍ പൊലീസുണ്ട്. മൊബൈല്‍ ലൊക്കേഷനടക്കം ട്രാക്ക് ചെയ്താണ് ഇത്തവണ അനൂപ് ചാക്കോയും സംഘവും ബെംഗളൂരു ടിപ്പസാന്ദ്രയിലെത്തിയത്. ഇവിടെ ആള്‍മാറാട്ടം നടത്തി മറ്റൊരാളുടെ മുറിയില്‍ താമസിക്കുകയായിരുന്നു ജ്യോതിഷ്. കേരളത്തില്‍ നിന്ന് ജോലി തേടിയെത്തിയതാണെന്നും വിമലെന്നാണ് പേരെന്നുമാണ് പറഞ്ഞിരുന്നത്. മുറിയിലെത്തിയ സെന്‍ട്രല്‍ പൊലീസും ആദ്യമൊന്ന് സംശയിച്ചു. താടിയും മീശയും വടിച്ച് മറ്റൊരു ഗെറ്റപ്പിലായിരുന്നു ജ്യോതിഷ്. പൊലീസ് ആദ്യം ചോദിച്ചപ്പോളും പറഞ്ഞത് വിമലെന്ന പേര്. പിന്നീട് യഥാര്‍ഥ പേര് വെളിപ്പെടുത്തി. സംസ്ഥാന വ്യാപകമായി അഞ്ഞൂറിലേറെ പേരെയാണ് ബെഥനി ടൂര്‍സിന്‍റെ പേരില്‍ കാനഡയിലും ന്യൂസിലാന്‍ഡിലും ഓസ്ട്രേലിയയിലും ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പിനിരയാക്കിയത്. പതിനായിരം രൂപ വീതം ഘട്ടം ഘട്ടമായി വാങ്ങിയായിരുന്നു തട്ടിപ്പ്. നിര്‍ധനരായ പലരും വായ്പയെടുത്തും കടംവാങ്ങിയുമാണ് പണം തരപ്പെടുത്തി നല്‍കിയത്. തട്ടിപ്പിനിരയായവര്‍ രൂപീകരിച്ച് വാട്സപ്പ് ഗ്രൂപ്പില്‍ നിലവില്‍ എണ്ണൂറിലേറെ പേരാണുള്ളത്. കൂടുതല്‍ പേര്‍ വരും ദിവസങ്ങളില്‍ പരാതിയായെത്താനാണ് സാധ്യത. തട്ടിപ്പില്‍ കൂടുതല്‍ ആളുടെ പങ്കും പൊലീസ് സംശയിക്കുന്നു. തട്ടിയെടുത്ത പണം എന്ത് ചെയ്തുവെന്ന ചോദ്യത്തിനും ഉത്തരം കണ്ടെത്താനുണ്ട്. ജ്യോതിഷിന്‍റെ കസ്റ്റഡിയില്‍ വാങ്ങി ഈ ചോദ്യങ്ങള്‍ക്ക് ഉത്തരംകണ്ടെത്താനാണ് പൊലീസിന്‍റെ നീക്കം.