Image Credit: ipgmer.gov.in
ബംഗാളിനെ നടുക്കി വീണ്ടും പീഡനം. എസ്എസ്കെഎം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഒപിയില്‍ ചികില്‍സ തേടിയെത്തിയ പതിനഞ്ചുകാരിയാണ് ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. ഡോക്ടര്‍ ചമഞ്ഞെത്തിയ പ്രതി പരിശോധിക്കാനെന്ന് പറഞ്ഞ് ശുചിമുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് പീഡിപ്പിച്ചത്. വിറച്ചുപോയ പെണ്‍കുട്ടി പുറത്തെത്തി മാതാപിതാക്കളോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച ഉച്ചയോടെയാണ് ദൗര്‍ഭാഗ്യകരമായ സംഭവമുണ്ടായതെന്നും അന്നേ ദിവസം രാത്രിയോടെ തന്നെ പ്രതിയെ പിടികൂടാന്‍ കഴിഞ്ഞുവെന്നും സിറ്റി പൊലീസ് പറയുന്നു. പ്രതിക്കെതിരെ പോക്സോ ചുമത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അതേസമയം, പ്രതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പൊലീസ് തയാറായിട്ടില്ല.
ആശുപത്രിയുമായി പ്രതിക്ക് ബന്ധമൊന്നുമില്ലെന്നാണ് അധികൃതരുടെ വാദമെങ്കിലും പതിവായി മെഡിക്കല്‍ കോളജിലെത്തിയിരുന്നയാളാണ് പ്രതിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. ആശുപത്രിയുമായി ബന്ധമില്ലാത്തയാള്‍ക്ക് ഡോക്ടറെന്ന് രോഗികളെ തെറ്റിദ്ധരിപ്പിക്കും വിധം സ്വാതന്ത്ര്യത്തോടെ ആശുപത്രിയില്‍ പെരുമാറാന്‍ കഴിയുന്നതെങ്ങനെയെന്ന് കുടുംബം ചോദ്യമുയര്‍ത്തി. ഹൗറയിലെ ഉലുബെറിയ സര്‍ക്കാര്‍ ആശുപത്രിയിലെ ജൂനിയര്‍ ഡോക്ടര്‍ ഈ ആഴ്ച ആദ്യമാണ് പീഡനത്തിനിരയായത്. ബംഗാള്‍പൊലീസിലെ ഹോം ഗാര്‍ഡായിരുന്നു പ്രതി. ബലാല്‍സംഗം ചെയ്യുമെന്ന് ഇയാള്‍ മുന്‍പ് ഡോക്ടറെ ഭീഷണിപ്പെടുത്തിയിരുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.