Image Credit:X

TOPICS COVERED

ഡ്രൈവറായി ജോലിയില്‍ തുടരാന്‍ വിസമ്മതിച്ച യുവാവിനെ മൂന്നുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടു പോയ ശേഷം ക്രൂരമായി മര്‍ദിച്ച് കെട്ടിയിട്ട് മൂത്രം കുടിപ്പിച്ചതായി പരാതി. മധ്യപ്രദേശിലെ ഗ്വാളിയാറിലാണ് സംഭവം. ഭിന്ദ് സ്വദേശിയായ ദലിത് യുവാവാണ് പരാതിക്കാരന്‍. 

സോനു ബറുവയെന്നയാളുടെ വീട്ടിലെ വാഹനമോടിച്ച് വരികയായിരുന്നു യുവാവ്. അടുത്തയിടെ ഡ്രൈവര്‍ ജോലി നിര്‍ത്തുകയും ഗ്വാളിയാറിലേക്ക് യുവാവ് താമസം മാറുകയും ചെയ്തു. ഇതില്‍ കുപിതരായ സോനുവും സംഘവും ഗ്വാളിയാറിലെത്തി യുവാവിനെ കൂട്ടിക്കൊണ്ട് ഭിന്ദിലേക്ക്പോന്നു. പിന്നാലെ മര്‍ദിച്ച് അവശനാക്കുകയും മദ്യവും മൂത്രവും കുടിപ്പിക്കുകയുമായിരുന്നു. ക്രൂരത തുടര്‍ന്ന സംഘം യുവാവിനെ ഇരുമ്പ് ചങ്ങലയ്ക്ക് ബന്ധിച്ച ശേഷം രാത്രി മുഴുവന്‍ അടിച്ച് അവശനാക്കി. 

മദ്യപിച്ച് ലക്കുകെട്ട സംഘത്തിന്‍റെ ശ്രദ്ധമാറിയതും യുവാവ് സ്ഥലത്ത് നിന്നും രക്ഷപെട്ട് ആശുപത്രിയില്‍ അഭയം തേടി. ആശുപത്രി അധികൃതരാണ് പൊലീസില്‍ വിവരം അറിയിച്ചത്. ഉടന്‍ തന്നെ ഭീം ആര്‍മി പ്രവര്‍ത്തകര്‍ സ്ഥലത്തെത്തുകയും പൊലീസ് നടപടി വൈകുന്നതില്‍ പ്രതിഷേധം ഉയര്‍ത്തുകയും ചെയ്തു. പ്രതിഷേധം കനത്തതോടെ മന്ത്രിയും കലക്ടറും യുവാവിനെ സന്ദര്‍ശിച്ച് നീതി ലഭ്യമാക്കുമെന്നും കുറ്റക്കാരെ ഉടന്‍ തന്നെ പിടികൂടുമെന്നും അറിയിച്ചു. വൈകാതെ സോനുവിനെയും സംഘത്തെയും അറസ്റ്റ് ചെയ്യുകയായിരുന്നു. 

2023 ജൂലൈയിലും മധ്യപ്രദേശില്‍ സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാജ്യത്ത് പട്ടികജാതി–പട്ടിക വര്‍ഗങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങളില്‍ വലിയ വര്‍ധനയാണ് ഉണ്ടായിരിക്കുന്നതെന്നും ഇതില്‍ തന്നെ കുറ്റകൃത്യനിരക്ക് ഏറ്റവും ഉയര്‍ന്ന മൂന്ന് സംസ്ഥാനങ്ങളില്‍ മധ്യപ്രദേശുമുണ്ടെന്നും ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ENGLISH SUMMARY:

Dalit assault in Madhya Pradesh refers to the brutal attack and forced humiliation of a Dalit youth in Gwalior. The incident involves kidnapping, physical assault, and forcing the victim to consume urine, highlighting the ongoing issue of caste-based violence in India and prompting police investigation and protests.