ai generated image
ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലെ മവായിമയില്‍ യുവാവിന്റെ സ്വകാര്യഭാഗങ്ങള്‍ അടക്കം മുറിച്ചെടുത്ത സംഭവത്തില്‍ കൂടുതല്‍ വിവരം പുറത്ത്. കുറ്റകൃത്യം നടത്തിയത് സഹോദരന്റെ ഭാര്യയാണെന്ന് തെളിഞ്ഞു. ഈ മാസം 16-ന് രാത്രി, മവായിമയിലെ മല്‍ഖാന്‍പൂര്‍ ഗ്രാമത്തിലെ രാം അസാരെയുടെ മകനായ 20 വയസ്സുകാരന്‍ ഉമേഷിനെ മുറിയില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. നിലവിളി കേട്ടുണര്‍ന്ന കുടുംബാംഗങ്ങള്‍ ഓടിയെത്തിയപ്പോള്‍, കുത്തേറ്റ് ഗുരുതരമായ പരിക്കുകളോടെയും സ്വകാര്യഭാഗങ്ങള്‍ മുറിച്ചുമാറ്റപ്പെട്ട നിലയിലും വേദനകൊണ്ട് പുളയുന്ന ഉമേഷിനെയാണ് കണ്ടത്. ഉടന്‍തന്നെ ഉമേഷിനെ ആശുപത്രിയില്‍ എത്തിച്ചു. പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. അജ്ഞാതനായ ആള്‍ അക്രമിച്ചുവെന്നായിരുന്നു പരാതിയിലുണ്ടായിരുന്നത്.
പൊലീസ് അന്വേഷിച്ചപ്പോളാണ് സംഭവത്തിന്‍റെ ചുരുളഴിഞ്ഞത്. ഉമേഷിന്റെ ജ്യേഷ്ഠനായ ഉദയ് വിവാഹം കഴിച്ചിരിക്കുന്നത് മഞ്ജു എന്ന യുവതിയെയാണ്. പിന്നാലെ ഉമേഷ് മഞ്ജുവിന്റെ അനിയത്തിയുമായി ഒരു അടുത്ത ബന്ധം സ്ഥാപിച്ചു. ഇരുവരും വളരെ അടുപ്പത്തിലാവുകയും പരസ്പരം വിവാഹം കഴിക്കുമെന്ന് വാക്ക് കൊടുക്കുകയും ചെയ്തിരുന്നതായി പറയപ്പെടുന്നു. എന്നാല്‍, താമസിയാതെ ഉമേഷിന്റെ കുടുംബത്തില്‍ നിന്ന് എതിര്‍പ്പുകള്‍ ഉയര്‍ന്നു. അടുത്ത ബന്ധത്തില്‍ നിന്നുള്ള വിവാഹത്തിന് അസാരെ കുടുംബം എതിരായിരുന്നു.
ഒടുവില്‍, മറ്റൊരു സ്ത്രീയുമായി അടുപ്പം പ്രകടിപ്പിച്ചുകൊണ്ട് ഉമേഷ് മഞ്ജുവിന്റെ സഹോദരിയുമായുള്ള ബന്ധത്തില്‍ നിന്ന് പിന്മാറി.ഇത് മഞ്ജുവിന്റെ അനിയത്തിയെ മാനസികമായി വല്ലാതെ ബാധിച്ചു. അവള്‍ വിഷാദത്തിലാവുകയും മറ്റു പ്രശ്‌നങ്ങള്‍ക്കിടയാക്കിയെന്നും മഞ്ജുവിന്റെ കുടുംബം പറയുന്നു. സഹോദരിയുടെ ദുരിതം കണ്ടതോടെ, ഉമേഷിനോടുള്ള മഞ്ജുവിന്റെ ദേഷ്യവും പകയും വളരാന്‍ തുടങ്ങി. ഈ വൈകാരികമായ രോഷമാണ് ഒരു പ്രതികാരം ആസൂത്രണം ചെയ്യാന്‍ മഞ്ജുവിനെ പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നു.ഒക്ടോബര്‍ 16-ന് രാത്രി വീട്ടിലുള്ളവരെല്ലാം ഉറങ്ങുന്നത് വരെ മഞ്ജു കാത്തിരുന്നു. അര്‍ദ്ധരാത്രിയോടെ, അവള്‍ അടുക്കളയില്‍ നിന്ന് ഒരു കത്തിയെടുത്ത് ആരുമറിയാതെ ഉമേഷിന്റെ മുറിയില്‍ പ്രവേശിച്ച് ആക്രമണം നടത്തി. ഉമേഷിനെ മഞ്ജു പലതവണ കുത്തുകയും തുടര്‍ന്ന് സ്വകാര്യ ഭാഗങ്ങള്‍ മുറിച്ചുമാറ്റുകയും ചെയ്തു.
ഉമേഷ് സഹായത്തിനായി നിലവിളിച്ചെങ്കിലും, വീട്ടുകാര്‍ എത്തുമ്പോഴേക്കും മഞ്ജു അവിടെ നിന്ന് രക്ഷപ്പെട്ടിരുന്നു. രക്തത്തില്‍ കുളിച്ചുകിടക്കുന്ന യുവാവിനെ കണ്ട് കുടുംബാംഗങ്ങള്‍ നടുങ്ങിപ്പോയി. വീട്ടുകാര്‍ ഉടന്‍ തന്നെഅടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയും, അവിടെ ഒന്നര മണിക്കൂറിലധികം നീണ്ട അടിയന്തര ശസ്ത്രക്രിയയ്ക്ക് ഉമേഷിനെ വിധേയനാക്കുകയും ചെയ്തു.