മലയാളി യുവാവിന്‍റെ ബ്ലാക്ക് മെയിലിങിനെ തുടര്‍ന്നു ബെംഗളുരുവില്‍ കോളേജ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. കാഡുസോനപ്പനഹള്ളിയിലെ മലയാളി മാനേജ്മെന്‍റിന്‍റെ കീഴിലുള്ള കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ് പി.ജി. ഹോസ്റ്റലില്‍ തുങ്ങിമരിച്ചത്. സംഭവത്തില്‍ ചാവക്കാട് സ്വദേശിക്കായി പൊലീസ് തിരച്ചില്‍ തുടങ്ങി .
കാഡുസോനപ്പനഹള്ളിയിലെ സ്വകാര്യ കോളേജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ കുടക് സ്വദേശി സന പര്‍വീണ്‍ എന്ന പത്തൊന്‍പതുകാരിയാണു മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സനയെ താമസിക്കുന്ന ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിനു തൊട്ടു മുന്‍പ് സീനിയറായി കോളേജില്‍ പഠിച്ചിരുന്ന ചാവക്കാട് സ്വദേശി റഫാസ് ഭീഷണിപ്പെടുത്തുന്നതായി വീട്ടുകാരെ വിളിച്ചറിയിച്ചിരുന്നു.
പ്രണയാഭ്യര്‍ഥന തള്ളിയതിനെ തുടര്‍ന്നു റഫാസ് സനയെ നിരന്തരം പിന്തുടര്‍ന്നു ഭീഷണിപ്പെടുത്തിയിരുന്നു. സനയുടെ കുടുംബത്തിന്‍റെ പരാതിയില്‍ കോളേജ് അധികൃതര്‍ നേരത്തെ റഫാസിനെ വിളിച്ചുവരുത്തി താക്കീത് ചെയ്തിരുന്നു. എന്നാല്‍ ഭീഷണി തുടര്‍ന്നതോടെയാണ് കടുംകൈ എന്നാണ് കുടുംബത്തിന്‍റെ പരാതി. ഇയാള്‍ പെണ്‍കുട്ടിയില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തതായും പരാതിയിലുണ്ട്. ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി റഫാസിനെതിരെ പൊലീസ് കേസെടുത്തു. പ്രതിക്കായി തിരച്ചില്‍ തുടങ്ങിയതായി ബെംഗളുരു പൊലീസ് അറിയിച്ചു.