അങ്കമാലിയിൽ പെൺകുഞ്ഞിനെ പ്രസവിച്ചതിന് ക്രൂരമായി ഭർത്താവ് മർദ്ദിച്ചുവെന്ന് ഭാര്യയുടെ പരാതി. പെൺകുഞ്ഞ് ഉണ്ടായത് ഭാര്യയുടെ കുറ്റം കൊണ്ടാണെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. അങ്കമാലി പൊലീസ് ഭർത്താവിനെതിരെ കേസെടുത്തു.
മർദ്ദനത്തിൽ പരിക്കേറ്റ 29കാരി ചികിത്സയ്ക്കായി ഇന്നലെ ആശുപത്രിയിൽ എത്തിയപ്പോഴാണ് നാലുവർഷത്തെ ക്രൂരമർദ്ദനം പുറംലോകം അറിഞ്ഞത്. ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിയിച്ചു. ഗാർഹിക പീഡനം എന്നായിരുന്നു പൊലീസിന്റെ ആദ്യ നിഗമനം. പെൺകുഞ്ഞ് പിറന്നതിനുള്ള ഭർത്താവിന്റെ ദേഷ്യമാണ് മർദ്ദനത്തിന് പിന്നിൽ എന്ന് യുവതി പറഞ്ഞതോടെ പൊലീസും ആശുപത്രി അധികൃതരും ഞെട്ടി.
2020ൽ വിവാഹിതരായ ഇവർക്ക് ആദ്യ കുഞ്ഞു പിറന്നത് 2021ൽ. പെൺകുഞ്ഞാണ് പിറന്നതെന്നറിഞ്ഞതോടെ ഭർത്താവിന്റെ സ്വഭാവം മാറി എന്നാണ് യുവതിയുടെ മൊഴി. പെൺകുഞ്ഞ് ഉണ്ടായത് യുവതിയുടെ പ്രശ്നമാണെന്ന് ആരോപിച്ച് മർദ്ദനം തുടങ്ങി. നാലുവർഷമായി മർദ്ദനം തുടരുന്നു. യുവതിയെ മോശക്കാരിയായി ചിത്രീകരിക്കാൻ ഭർത്താവ് ശ്രമം നടത്തി എന്നും എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.