പത്തനംതിട്ട കീഴ്‌വായ്പൂരില്‍ പൊലീസുകാരന്റെ ഭാര്യ തീകൊളുത്തിയ ലത മരിച്ചു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെ രാത്രി പതിനൊന്നരയ്ക്കായിരുന്നു മരണം. കഴിഞ്ഞ ഒമ്പതാം തീയതിയാണ് ലതയുടെ സ്വർണ്ണം തട്ടിയെടുത്ത ശേഷം സുമയ്യ ലതയുടെ വീടിന് തീ കൊളുത്തിയത്. നാട്ടുകാരും പൊലീസും ചേർന്ന് ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും കൊണ്ടുപോകുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. പ്രതി സുമയ്യ റിമാന്‍ഡിലാണ്.
ഓഹരി ട്രേഡിങ്ങിലൂടെ പണം നഷ്ടമായി സാമ്പത്തിക പ്രതിസന്ധിയിലായതാണ് പ്രതി സുമയ്യയെ കൃത്യത്തിലേക്ക് നയിച്ചത്. ട്രേഡിങ്ങിലൂടെ സുമയ്യയ്ക്ക് 40 ലക്ഷം രൂപയിലേറെ നഷ്ടമുണ്ടായിട്ടുണ്ട്. ഇത് തീർക്കാനായി ഓൺലൈൻ ആപ്പുകളിൽ നിന്ന് വായ്പയെടുത്തു. വായ്പ തിരിച്ചടയ്ക്കാൻ ലതയിൽ നിന്ന് ഒരു ലക്ഷം രൂപ കടം ചോദിച്ചു. ഇത് നൽകാതെ വന്നതോടെ സ്വർണാഭരണം തട്ടിയെടുത്ത് ലതയുടെ വീടിന് സുമയ്യ തീയിടുകയായിരുന്നു. രണ്ടര പവൻ വരുന്ന സ്വർണമാലയും ഓരോ പവൻ വരുന്ന മൂന്ന് വളയുമാണ് തട്ടിയെടുത്തത്. കോയിപ്രം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ ഭർത്താവിന് സുമയ്യയുടെ ട്രേഡിങ് ഇടപാടുകളെ കുറിച്ച് അറിയില്ലായിരുന്നു.