കോട്ടയത്ത് പീഡനത്തിനിരയായി അനന്തു അജി എന്ന യുവാവ് ജീവനൊടുക്കിയ കേസില്‍ ആര്‍‌എസ്എസ് പ്രവര്‍ത്തകന്‍ നിതീഷ് മുരളീധരന്‍ പ്രതി. അനന്തുവിന്റെ ഇന്‍സ്റ്റഗ്രാം വിഡിയോ മരണമൊഴിയായി രേഖപ്പെടുത്തിയാണ് തമ്പാനൂര്‍ പൊലീസ് കേസെടുത്തത്. കേസ് പൊന്‍കുന്നം പൊലീസിന് കൈമാറും. നിതീഷ് മുരളീധരന്‍ വാര്‍ഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പുറത്തുവന്ന വിഡിയോയില്‍ പറയുന്നത്. ഇയാള്‍ക്കെതിരെ ഐപിസി 377 പ്രകാരമാണ് കേസെടുത്തത്. 

ബുധനാഴ്ചയാണ് തമ്പാനൂരിലെ ഹോട്ടലില്‍ അനന്തുവിന്റെ മൃതദേഹം കണ്ടത്. അനന്തുവിന്റെ ആരോപണം ഗുരുതരമാണെന്നും സംഭവത്തിൽ ശക്തമായ അന്വേഷണം വേണമെന്നും പ്രിയങ്ക ഗാന്ധി എംപി ആവശ്യപ്പെട്ടിരുന്നു. ശാഖയിൽ നടന്ന അതിക്രമങ്ങൾ തനിക്കെതിരെ മാത്രമല്ല എന്ന അനന്തുവിന്റെ വെളിപ്പെടുത്തൽ  ഞെട്ടിക്കുന്നതാണെന്നും ആർഎസ്എസ് നേതൃത്വം സംഭവത്തില്‍ ഉത്തരം പറയണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞിരുന്നു.

ആർഎസ്എസ് പ്രവർ‌ത്തകർക്കെതിരെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവച്ച ശേഷമായിരുന്നു അനന്തു ജീവനൊടുക്കിയത്. മരണശേഷം പുറത്തു വരുന്ന രീതിയിൽ ഷെഡ്യൂൾ ചെയ്താണ് അനന്തു പോസ്റ്റിട്ടത്. ആർഎസ്എസ് പ്രവർത്തകർക്കും സംഘടനയ്ക്കുമെതിരെയാണ് 15 പേജുകളിലായി അനന്തുവിന്റെ ആരോപണങ്ങൾ. പിന്നാലെയാണ് ഇന്‍സ്റ്റഗ്രാമില്‍ അനന്തു ഷെഡ്യൂള്‍ ചെയ്ത വിഡിയോയും പുറത്ത് വന്നത്. 

നാലു വയസ്സ് മുതൽ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം ഏൽക്കേണ്ടിവന്നെന്നും ആർഎസ്എസ് ക്യാംപിൽനിന്നാണ് ദുരനുഭവങ്ങൾ നേരിട്ടതെന്നും പോസ്റ്റിൽ പറയുന്നു. ഇതോടെ കടുത്ത വിഷാദരോഗത്തിൽ ബാധിച്ചു. അമ്മയെയും സഹോദരിയെയും ഓർത്താണ് ഇതുവരെ ഒന്നും ചെയ്യാതിരുന്നതെന്നും അനന്തുവിന്‍റെ വെളിപ്പെടുത്തലില്‍ പറയുന്നു. 

ENGLISH SUMMARY:

Ananthu Aji suicide case reveals allegations of sexual abuse by an RSS worker. The investigation into Ananthu's death and the serious allegations he raised is ongoing.