16 കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ ബിജെപി നേതാവിനെ അറസ്റ്റ് ചെയ്ത് ഉത്തരാഖണ്ഡ് പൊലീസ്. ബിജെപിയുടെ നൈനിറ്റാളിലെ യുവജനവിഭാഗം മുന്‍ ജനറല്‍ സെക്രട്ടറിയായ ദേവ് സിംഗ് ബാഗ്ദ്വാളാണ് അറസ്റ്റിലായത്. പെൺകുട്ടിയെ ഹരിദ്വാറിൽ നിന്ന് രക്ഷപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.
ഒക്ടോബർ 8 നാണ് പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് അമ്മ പരാതി നൽകിയതെന്ന് സബ് ഇൻസ്പെക്ടർ ആശാ ബിഷ്ത് പറഞ്ഞു. അന്വേഷണത്തിനിടെ, പെൺകുട്ടിയുടെ മൊബൈൽ ഫോൺ ലൊക്കേഷൻ പൊലീസ് കണ്ടെത്തി. ഇതാണ് ഇരയെ കണ്ടെത്താന്‍ പൊലീസിനെ സഹായിച്ചത്. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പ്രതിക്കെതിരെ തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം എന്നീ കുറ്റങ്ങൾ ചുമത്തി പോക്സോ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായും പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ബാഗ്ദ്വാളിന്‍റെ അറസ്റ്റിന് പിന്നാലെ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ബിജെപിയുടെ 'പെണ്‍കുട്ടികളെ സംരക്ഷിക്കൂ' എന്ന മുദ്രാവാക്യം 'ബിജെപി നേതാക്കളിൽ നിന്നും പെണ്‍കുട്ടികളെ സംരക്ഷിക്കൂ' എന്നായി മാറിയെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ബിജെപി നേതാക്കൾ ഉൾപ്പെട്ട ഇത്തരം കേസുകൾ സമൂഹത്തിന് നാണക്കേടുണ്ടാക്കിയിട്ടുണ്ടെന്ന് സംസ്ഥാന കോൺഗ്രസ് പ്രസിഡന്റ് കരൺ മഹാര പറഞ്ഞു.
അതേസമയം നടന്നത് നാണക്കേടുണ്ടാക്കുന്ന സംഭവമാണെന്നും പ്രതിപക്ഷ പാർട്ടികൾ വിഷയം രാഷ്ട്രീയവത്കരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും ബിജെപി അഭ്യര്‍ഥിച്ചു. രാഷ്ട്രീയം നോക്കാതെ കർശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ബിജെപി വക്താവും രാജ്പൂർ എംഎൽഎയുമായ ഖജൻ ദാസ് പറഞ്ഞു. സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കാൻ ബിജെപി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നതിനായി ഇരയുടെ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.