കോടികളുടെ കൈക്കൂലി വാങ്ങിയ കേസില്‍ പഞ്ചാബില്‍ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. റോപ്പർ റേഞ്ചിലെ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് (ഡി.ഐ.ജി) ഹര്‍ചരണ്‍ സിങ് ബുല്ലാറെന്ന ഐപിഎസ് ഉദ്യോഗസ്ഥനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. അഞ്ചുകോടി രൂപ പിടിച്ചെടുത്തു. നോട്ടെണ്ണല്‍ ഇപ്പോഴും തുടരുകയാണ്.

ഒന്നരക്കിലോ സ്വര്‍ണാഭരണങ്ങള്‍, രണ്ട് ആഡംബര കാര്‍, 22 ആഡംബര വാച്ച്, 40 ലീറ്റര്‍ വിദേശമദ്യം, അനധികൃത തോക്കടക്കം ആയുധങ്ങളും സിബിഐ പിടിച്ചെടുത്തു. ഇടനിലക്കാരന്‍ വഴി എട്ടുലക്ഷം രൂപയുടെ കൈക്കൂലി വാങ്ങുമ്പോഴാണ് ഇയാള്‍ പിടിയിലായത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോടികളുടെ സമ്പാദ്യം കണ്ടെത്തിയത്. ഇടനിലക്കാരനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. 

2007 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായ ഹര്‍ചരണ്‍ സിങ് പട്യാല റേഞ്ച് ഡിഐജിയായി സേവനമനുഷ്ഠിച്ച ശേഷം 2024 നവംബർ 27 നാണ് റോപ്പർ റേഞ്ച് ഡിഐജിയായി ചുമതലയേല്‍ക്കുന്നത്. വിജിലൻസ് ബ്യൂറോയിൽ ജോയിന്റ് ഡയറക്ടറായും ജാഗ്രോൺ, മൊഹാലി, സംഗ്രൂർ എന്നിവിടങ്ങളിൽ സീനിയർ പൊലീസ് സൂപ്രണ്ടായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. പഞ്ചാബ് മുൻ ഡിജിപി മെഹൽ സിങ് ബുല്ലാറുടെ മകനാണ്. 

ENGLISH SUMMARY:

The CBI has arrested Punjab Police DIG Harcharan Singh Bullar in a massive bribery case after seizing ₹5 crore in cash. Officials also found 1.5 kg of gold jewellery, two luxury cars, 22 high-end watches, 40 litres of imported liquor, and illegal weapons. He was caught red-handed while accepting ₹8 lakh through a middleman, and the investigation revealed assets worth crores.