ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ ദലിത് യുവാവ് ഹരിയോമിനെ ആൾക്കൂട്ടം തല്ലിക്കൊന്ന കേസിൽ രണ്ട് സബ് ഇൻസ്പെക്ടർമാർ ഉൾപ്പെടെ അഞ്ച് പോലീസുകാർക്ക് സസ്‌പെൻഷൻ. സബ് ഇൻസ്പെക്ടർമാരായ കമൽ സിംഗ് യാദവ്, പ്രേം സിംഗ്, കോൺസ്റ്റബിൾമാരായ പ്രദീപ്, ജയ് സിംഗ് യാദവ്, അഭിഷേക് എന്നിവരെ ക്യത്യനിർവഹണത്തിലെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് സസ്പെൻഡ് ചെയ്തത്. എസ്എച്ച്ഒ സഞ്ജയ് കുമാറിനെ സ്ഥലം മാറ്റിയിട്ടുണ്ട്.
കേസിൽ 5 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ശേഷിക്കുന്നവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. ഹരിയോമിന്റെ കൊലപാതകത്തെ ശക്തമായി അപലപിക്കുന്നു എന്ന് മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും പ്രതികരിച്ചു. റായ്ബറേലിയില്‍ നടന്നത് ദലിത് സമൂഹത്തിനും ഭരണഘടനക്കും എതിരായ ആക്രമണമാണ്. സർക്കാരുകളുടെ നിസ്സംഗതയാണ് ഇതിനു കാരണമെന്നും നീതിക്കായുള്ള പോരാട്ടം തുടരുമെന്നും കോൺഗ്രസ് പ്രതികരിച്ചു.
കോൺഗ്രസ് എം.പിമാരുടെ സംഘം ഇന്ന് ഹരിയോമിന്റെ വീട്ടിലെത്തും. ഒക്ടോബർ രണ്ടിനാണ് യോഗി ആദിത്യനാഥിന്റെ ആളുകൾ എന്ന് അവകാശപ്പെട്ടവർ കള്ളൻ എന്ന് ആരോപിച്ച് ഹരിയോമിനെ കൊലപ്പെടുത്തിയത്.