എറണാകുളം അയ്യമ്പുഴയിൽ പാറമടയിൽ നിന്നും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതിൽ എങ്ങുമെത്താതെ അന്വേഷണം. യുവാവിന്‍റേതെന്ന് പരിശോധനയിൽ വ്യക്തമായ മൃതദേഹത്തിന്‍റെ അരയ്ക്ക് താഴേക്കുള്ള അസ്ഥികൾ മാത്രമാണ് ഇതുവരെ കണ്ടെടുത്തത്. ആരാണ് മരിച്ചത് എന്നതിന്‍റെ സൂചന പോലും ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ല.
ഇക്കഴിഞ്ഞ സെപ്റ്റംബർ 19നാണ് അയ്യമ്പുഴ അമലാപുരത്ത് വർഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന പാറമടയിൽ നിന്നും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. പൊലീസും അഗ്നിരക്ഷാസേനയും നടത്തിയ വിശദമായ തിരച്ചിൽ നടുവിൽ അരയ്ക്ക് താഴേക്കുള്ള ഭാഗമാണ് കണ്ടെത്തിയത്. കളമശേരി മെഡിക്കൽ കോളജിലെ ഫോറൻസിക് വിദഗ്ധൻ ഡോ.സന്തോഷ് ജോയിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മൃതദേഹാവശിഷ്ടങ്ങൾ യുവാവിന്‍റേതെന്ന് തെളിഞ്ഞു. മരിച്ചയാൾക്ക് 18 നും 30 നും ഇടയിൽ പ്രായം വരുമെന്നും, 165 സെന്റിമീറ്റർ പൊക്കമുണ്ടെന്നും വ്യക്തമായി. ഒരു മാസം മുതൽ നാല് മാസം വരെ പഴക്കമുള്ള മൃതദേഹത്തിന്‍റെ ഉടമ ആരെന്നും, ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് കണ്ടെത്താനും പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
കാണാതായവരെ കേന്ദ്രീകരിച്ചാണ അയ്യമ്പുഴ പോലീസ് അന്വേഷണം ആരംഭിച്ചത്. അന്വേഷണം രണ്ടാഴ്ച പിന്നിട്ടിട്ടും ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. തലയോട്ടിയടക്കമുള്ള പ്രധാന മൃതദേഹഭാഗങ്ങൾ ഇതുവരെ കണ്ടെത്താനായിട്ടില്ല. സമീപപ്രദേശങ്ങളിൽ കാണാതായവരിൽ കണ്ടെത്തിയ മൃതദേഹഭാഗങ്ങളോട് യോജിക്കുന്ന ആരുമില്ല. ഇതാണ് പൊലീസ് അന്വേഷണം വഴിമുട്ടാൻ കാരണം.