ചികിത്സ ലഭിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് യുവാവ് മരിച്ച സംഭവത്തില്‍ പ്രതികരണവുമായി ടി.സിദ്ദിഖ് എംഎൽഎ. പൊതുജനാരോഗ്യം വെറുമൊരു പ്രസംഗ വിഷയമല്ലെന്നും അത് മനുഷ്യ ജീവന്റെ വിലയുള്ള വളരെ ഗൗരവമേറിയ കാര്യമാണെന്നും ടി.സിദ്ദിഖ് പറഞ്ഞു. രണ്ടു പിഞ്ചുമക്കളുടെ അച്ഛനാണ്... രക്ഷിക്കണേ എന്ന് ആ മനുഷ്യൻ കേണപേക്ഷിച്ചിട്ടും ആരും തിരിഞ്ഞു നോക്കിയില്ലെന്നും വിളപ്പിൽശാല ഗവൺമെന്റ് ആശുപത്രിയുടെ ക്രൂരമായ അനാസ്ഥയിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ തണലാണെന്നും. അയാളുടെ ഭാര്യ ജീവൻ കയ്യിൽ പിടിച്ച് കരഞ്ഞപ്പോഴും ആരുടെയും മനസ്സലിഞ്ഞില്ലെന്നും ടി.സിദ്ദിഖ് പറയുന്നു.
ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ആശുപത്രിയുടെ അനാസ്ഥ സിദ്ദിഖ് തുറന്ന് കാട്ടിയത്. അത്യാഹിത ചികിത്സ എന്നത് ദയയോ ഉപകാരമോ അല്ല. അത് ഓരോ പൗരന്റെയും അടിസ്ഥാന അവകാശമാണ്. നെഞ്ചുവേദനയുമായി എത്തുന്ന രോഗിക്ക് പ്രാഥമിക പരിശോധന, സിപിആര്‍, ആവശ്യമായ മരുന്നുകള്‍, പരിശീലനം ലഭിച്ച ആരോഗ്യപ്രവര്‍ത്തകരുടെ സാന്നിധ്യം ഇവ ലഭ്യമാക്കണം. ഇവ ഇല്ലെങ്കില്‍ അത് സിസ്റ്റത്തിന്റെയും അതിനെ നയിക്കുന്നവരുടെയും പരാജയമാണെന്ന് സിദ്ദിഖ് സമൂഹമാധ്യമത്തിൽ കുറിച്ചു.