സമ്മാനമടിച്ച ലോട്ടറിയുടെ കളര്‍ പ്രിന്‍റൗട്ട് നല്‍കി പണം തട്ടിയ കള്ളന്‍ തൃശൂര്‍ വടക്കാഞ്ചേരിയില്‍ അറസ്റ്റിലായി. ലോട്ടറി വില്‍പനക്കാരിയെ കബളിപ്പിച്ച് അയ്യായിരം രൂപയാണ് തട്ടിയെടുത്തത്. കള്ളന്‍റെ സിസിടിവി ദൃശ്യങ്ങളാണ് വഴിത്തിരിവായത്.
സെപ്തംബര്‍ ഇരുപത്തിയൊന്നിന് ഉച്ചയ്ക്കായിരുന്നു ലോട്ടറി കള്ളന്‍റെ വരവ്. വടക്കാഞ്ചേരി മാരിയമ്മന്‍ കോവിലിനു സമീപത്തുള്ള ആരോണ്‍ ലോട്ടറിക്കടയില്‍ യുവാവ് വന്നു. അയ്യായിരം രൂപ ലോട്ടറിയടിച്ചെന്നായിരുന്നു പറഞ്ഞത്. ടിക്കറ്റ് കാണിച്ചു. ക്യൂ ആര്‍ കോഡ് സ്കാന്‍ ചെയ്തു. തട്ടിപ്പ് തോന്നിയില്ല. അയ്യായിരം രൂപ നല്‍കി. ലോട്ടറി തുക തിരിച്ചുക്കിട്ടാന്‍ ട്രഷറിയില്‍ ചെന്നപ്പോഴാണ് തട്ടിപ്പ് മനസിലാകുന്നത്. ഉടനെ വടക്കാഞ്ചേരി പൊലീസിനെ സമീപിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ കിട്ടി.
തൃശൂര്‍ തയ്യൂര്‍ സ്വദേശി നാല്‍പ്പതുകാരന്‍ സജീഷിനെ കയ്യോടെ പിടികൂടി. അഞ്ചു ടിക്കറ്റുകളുമായാണ് തട്ടിപ്പുകാരന്‍ വന്നത്. സമാനമായ ലോട്ടറി തട്ടിപ്പ് തൃശൂര്‍ കുറാഞ്ചേരിയിലും നടന്നിരുന്നു. സമ്മാനര്‍ഹമായ ടിക്കറ്റുകളുമായി വരുമ്പോള്‍ അത് കളര്‍ പ്രിന്‍റൗട്ട് ആണോയെന്ന് കൃത്യമായി പരിശോധിക്കണമെന്ന് പൊലീസ് പറഞ്ഞു. പ്രത്യേകിച്ച് വലിയ തുകയാകുമ്പോള്‍ ജാഗ്രത വേണമെന്നാണ് പൊലീസിന്‍റെ മുന്നറിയിപ്പ്.