ജെസി, സാം ജോർജ്
വിവാഹേതര ബന്ധം ചോദ്യം ചെയ്തതിന് ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കാട്ടിൽ ഉപേക്ഷിച്ച ഭർത്താവ് അറസ്റ്റിൽ. കോട്ടയം കാണക്കാരി സ്വദേശി ജെസിയെയാണ് ഭർത്താവ് സാം ജോർജ് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം സാം ജെസിയുടെ മൃതദേഹം ഇടുക്കി കരിമണ്ണൂർ ചെപ്പുകുളത്ത് ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചു. വൈക്കം ഡി.വൈ.എസ്.പിയും സംഘവും പ്രതിയുമായി സ്ഥലത്തെത്തി മൃതദേഹം കണ്ടെടുത്തു.
കഴിഞ്ഞ മാസം 26 ന് ജെസിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഭർത്താവ് പിടിയിലായത്. ജെസിയുടെ മൃതദേഹം അഴുകിയ നിലയിലായിരുന്നു. ശാസ്ത്രീയ പരിശോധനകൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
വിദേശത്തുള്ള മക്കൾക്ക് ഇവരെ ഫോണിൽ വിളിച്ചിട്ടും ബന്ധപ്പെടാൻ സാധിക്കാതെ വന്നതിനെ തുടർന്ന് ബന്ധുക്കളെ വിളിച്ച് അമ്മയെ ഫോണിൽ കിട്ടുന്നില്ലെന്ന് അറിയിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കളാണ് പോലീസിൽ പരാതി നൽകിയത്. പോലീസ് അന്വേഷണം നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. സംശയം തോന്നിയതിനെ തുടർന്ന് ഭർത്താവ് സാം ജോർജിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ആദ്യഘട്ടത്തിൽ സാം കുറ്റം സമ്മതിക്കാൻ തയ്യാറായില്ലെങ്കിലും പിന്നീട് പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയെന്നും മൃതദേഹം ഉപേക്ഷിച്ചെന്നും മൊഴി നൽകി. തുടർന്ന് കരിമണൂർ പോലീസിനെ വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഇക്കാര്യം അറിയിച്ചു. എങ്കിലും ആദ്യഘട്ടത്തിൽ നടത്തിയ പരിശോധനയിൽ ജെസിയുടെ മൃതദേഹം കണ്ടെത്താനായില്ല.
പിന്നീട് പ്രതിയുമായി സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയപ്പോഴാണ് കൃത്യസ്ഥലം കണ്ടെത്താനും അഴുകിയ നിലയിൽ ജെസ്സിയുടെ മൃതദേഹം കണ്ടെടുക്കാനും സാധിച്ചത്. ആദ്യഘട്ടത്തിൽ ഈ മൃതദേഹം ജെസ്സിയുടേതാണോ എന്ന സംശയം പോലീസിനുണ്ടായിരുന്നു. പിന്നീട് ശാസ്ത്രീയ പരിശോധനകൾ നടത്തിയതിനുശേഷമാണ് ഇത് ജെസ്സിയുടെ മൃതദേഹം തന്നെയാണെന്ന് സ്ഥിരീകരിച്ചത്. ഭർത്താവിന്റെ വിവാഹേതര ബന്ധം ജെസി പലതവണ ചോദ്യം ചെയ്തിരുന്നു. ഇതിനെ തുടർന്ന് ഇവർ തമ്മിൽ തർക്കമുണ്ടാവുകയും പിന്നീട് ബന്ധം വേർപെടുത്തുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ കോടതി വഴി മുന്നോട്ട് പോവുകയായിരുന്നു എന്നാണ് വിവരം. ഇതിലുള്ള പകയാണ് സാമിന്റെ കൊലപാതകത്തിന് കാരണം. സാമിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ജെസ്സിയെ കാണാതായ ഇരുപത്തിയാറിന് വൈകിട്ട് തന്നെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. വീട്ടിൽ വെച്ച് കൊലപ്പെടുത്തിയ ശേഷം ഇടുക്കി കരിമണ്ണൂരിൽ കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു.