ലൈംഗിക പീഡനക്കേസിൽ ഡൽഹിയിൽ അറസ്റ്റിലായ ചൈതന്യാനന്ദക്കെതിരെ ശക്തമായ തെളിവുകള്‍. ഇയാളുടെ ഓഫിസിൽനിന്ന് സെക്സ് ടോയ്കളും അശ്ലീല സിഡികളും കണ്ടെത്തി. ലൈംഗിക വൈകൃതങ്ങൾക്ക് അടിമയാണ് ചൈതന്യാനന്ദയെന്ന് പൊലീസ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎസ് മുൻ പ്രസിഡന്റ് ബറാക് ഒബാമ എന്നിവർക്കൊപ്പമുള്ള വ്യാജ ഫോട്ടോകളും കണ്ടെത്തിയിട്ടുണ്ട്. വിദ്യാർഥിനികളടക്കം 17 പേരുടെ ഫോണിലേക്ക് ഇയാൾ അശ്ലീല സന്ദേശങ്ങൾ അയച്ചിട്ടുണ്ട്. ചൈതന്യാനന്ദയെയും പിടിയിലായ രണ്ട് സ്ത്രീകളെയും കൂടുതൽ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുക്കും.
ചൈതന്യാനന്ദ ഡയറക്ടറായിരുന്ന ഡൽഹിയിലെ ശ്രീ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെന്റ് കാംപസിൽ നടത്തിയ പരിശോധനയിലാണ് തെളിവുകള്‍ കണ്ടെടുത്തത്. അശ്ലീല ഉള്ളടക്കം അടങ്ങിയ അഞ്ച് സിഡികൾ, മൂന്ന് വ്യാജ ഫോട്ടോഗ്രാഫുകൾ ഒരു സെക്സ് ടോയ് എന്നിവയാണ് കണ്ടെത്തിയത്. ലോക നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്ന പ്രതിച്ഛായ സൃഷ്ടിക്കാന്‍ തയാറാക്കിയതായിരുന്നു വ്യാജ ഫോട്ടോകള്‍. പിടിച്ചെടുത്ത ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. വിഡിയോകളും ചിത്രങ്ങളും ഉപയോഗിച്ച് ചൈതന്യാനന്ദ അതിജീവിതകളെ ഭീഷണിപ്പെടുത്തിയിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്. ചൈതന്യാനന്ദയുടെ ചിത്രം പതിപ്പിച്ച വിഐപി നമ്പർ പ്ലേറ്റുള്ള ബിഎംഡബ്ല്യു കാറും ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതികളെ വശത്താക്കാന്‍ ഈ ആഡംബര കാര്‍ ഉപയോഗിച്ചതായും കാറില്‍ വച്ച് ലൈംഗികപീഡനം നടത്തിയെന്നും എഫ്ഐആറിൽ പറയുന്നു. പ്രതി ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലങ്ങളുടെ വിശദാംശങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
സ്വാമി ചൈതന്യാനന്ദ സരസ്വതി വിദ്യാർഥിനികളുമായി നടത്തിയ അശ്ലീല വാട്സാപ്പ് ചാറ്റുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ദുബായ് ഷെയ്ഖിന് ലൈംഗിക പങ്കാളിയെ വേണമെന്നും അതിനായി താല്പര്യമുള്ള സുഹൃത്തുക്കള്‍ ഉണ്ടോയെന്ന് ഒരുവിദ്യാര്ഥിനിയോട് ചോദിക്കുന്ന ചാറ്റും ഇതിലുള്‍പ്പെടുന്നു. പല ചാറ്റുകളും ലൈംഗികവൈകൃതം നിറഞ്ഞതാണ്. മനുഷ്യക്കടത്ത് നടന്നിരിക്കാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്.
ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റിലെ 17 വിദ്യാർത്ഥിനികളാണ് ചൈതന്യാനന്ദ സരസ്വതിക്കെതിരെ പരാതി നൽകിയത്. അന്‍പത് വിദ്യാര്‍ഥിനികളുടെ മൊബൈല്‍ ഫോണ്‍ പൊലീസ് പരിശോധിച്ചപ്പോള്‍ പതിനാറ് യുവതികളെ ചൈതന്യാനന്ദ ചൂഷണം ചെയ്തതായി കണ്ടെത്തി. അശ്ലീല സന്ദേശങ്ങൾ അയയ്ക്കൽ, ശാരീരിക ഉപദ്രവം, നിരന്തരമായ ലൈംഗിക പീഡനം എന്നിവയാണ് പരാതികളിലുള്ളത്. പൊലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ചൈതന്യാന്ദ ഒളിവില്‍ പോയി. ദിവസങ്ങള്‍ക്ക് ശേഷം ആഗ്രയിലെ ഒരു ഹോട്ടലിൽ നിന്നാണ് ഇയാളെ പിടികൂടിയത്. പീഡന ആരോപണം മാത്രമല്ല ഇയാളുടെ സാമ്പത്തിക ക്രമക്കേടുകളും പൊലീസ് അന്വേഷിക്കുന്നുണ്ട്.