ഡല്‍ഹിയില്‍ പീഡനക്കേസില്‍ അറസ്റ്റിലായ സ്വാമി ചൈതന്യാനന്ദ കേരളത്തിലും പ്രവര്‍ത്തിച്ചിരുന്നു എന്ന് അന്വേഷണസംഘം. 2000– 2001 കാലത്ത് ശ്രീരാമകൃഷ്ണ മഠത്തിന്‍റെ  എറണാകുളം ആശ്രമത്തിന്‍റെ ചുമതലക്കാരനായിരുന്ന ഇയാളെ  സാമ്പത്തിക ക്രമക്കേടുകളെ തുടര്‍ന്ന് പുറത്താക്കുകയായിരുന്നു. അതേസമയം പീഡനക്കേസില്‍ കേസില്‍ ചൈതന്യാനന്ദയുടെ രണ്ട് വനിതാ സഹായികളെ കൂടി പൊലീസ് കസ്റ്റഡിയിൽ എടുത്തു.  

ഡല്‍ഹി ശാരദാപീഠത്തിന് കീഴിലുള്ള സ്ഥാപനങ്ങളിലലെ നിരവധി പെണ്‍കുട്ടികള്‍ നല്‍കിയ ലൈംഗികാതിക്രമ  പരാതിയിലാണ് ചൈതന്യാനന്ദ അറസ്റ്റിലായത്.   2000– 2001 കാലത്ത്  എറണാകുളം ശ്രീരാമകൃഷ്ണ മഠത്തിന്‍റെ   ചുമതലക്കാരനായിരിക്കെ സാമ്പത്തിക ക്രമക്കേട് നടത്തിയതിന് ഇയാള്‍ പിടിക്കപ്പെടുകയായിരുന്നു എന്ന് അന്വേഷണസംഘം കണ്ടെത്തി. അവിടെ നിന്നും പുറത്താക്കപ്പെട്ടതോടെ പല പേരുകളില്‍ പലയിടത്തും കഴിഞ്ഞു.   2009 ല്‍ ആണ് ശാരദാപീഠത്തില്‍ ചേര്‍ന്നത്.

ചൈതന്യാനന്ദയുടെ ഫോണ്‍ പരിശോധിച്ച പൊലീസ് സ്ത്രീകളുമായുള്ള നിരവധി ചാറ്റുകൾ കണ്ടെടുത്തു.  വാഗ്ദാനങ്ങൾ നൽകി സ്ത്രീകളെ വശീകരിക്കാൻ ശ്രമിച്ചതായി ചാറ്റുകളില്‍ വ്യക്തമാണ്.  വനിതാ ക്യാബിൻ ക്രൂ അംഗങ്ങളുമൊത്തുള്ള ഫോട്ടോകൾ,   സ്ത്രീകളുടെ സോഷ്യൽ മീഡിയ പ്രൊഫൈൽ ചിത്രങ്ങളുടെ സ്ക്രീൻഷോട്ടുകള്‍  എന്നിവയും ഫോണില്‍ കണ്ടെത്തി. വ്യാജ വിസിറ്റിംഗ് കാർഡുകളും പാസ്‌പോർട്ടുകളും ഇയാളുടെ പക്കല്‍ നിന്ന് കണ്ടെടുത്തു. ഐക്യരാഷ്ട്രസഭയുടെയും ബ്രിക്‌സിന്റെയും അംബാസഡറാണെന്ന് അവകാശപ്പെടുന്നവയും ഇക്കൂട്ടത്തിലുണ്ട്. ചൈതന്യാനന്ദ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും പൊലീസ് പറഞ്ഞു. കസ്റ്റഡിയില്‍ എടുത്ത രണ്ട് വനിത സഹായികള്‍ക്കൊപ്പം ഇരുത്തിയാണ് നിലവില്‍ ചോദ്യം ചെയ്യുന്നത്.  ഇരയുടെ പിതാവിനെ ഭീഷണിപ്പെടുത്തിയതിന് ചൈതന്യാനന്ദയുടെ മറ്റൊരു സഹായിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ENGLISH SUMMARY:

Swami Chaithanyananda arrest is related to a rape case where the accused was found to have past ties with Kerala's Ernakulam Ramakrishna Math, where he was ousted for financial irregularities. The investigation continues with the arrest of two female aides and further scrutiny of evidence found on his phone.