തിരുവനന്തപുരം ബാലരാമപുരത്ത് ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊന്ന കേസില്‍ അമ്മ ശ്രീതു ഇന്നലെ രാത്രി അറസ്റ്റിലായിരുന്നു. അമ്മാവന്‍ ഹരികുമാറാണ് ഏക പ്രതിയെന്ന കരുതിയ കേസിലാണ് എട്ട് മാസങ്ങള്‍ക്ക് ശേഷം അമ്മയും അറസ്റ്റിലാകുന്നത്. ശ്രീതുവും സഹോദരന്‍ ഹരികുമാറും തമ്മിലുള്ള വഴിവിട്ട ബന്ധത്തിന് കുട്ടി തടസമായതിലെ ദേഷ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് നിഗമനം. എന്നാല്‍ കുട്ടിയുടെ ഡി.എന്‍.എ പരിശോധനാഫലം ഈ നിഗമനത്തിലും അപ്രതീക്ഷിത ട്വിസ്റ്റുണ്ടാക്കിയിരിക്കുകയാണ്.
ദേവേന്ദുവിന്‍റെ ഡി.എന്‍.എ പരിശോധനാഫലം ശ്രീതുവിന്‍റെ ഭര്‍ത്താവുമായി പൊരുത്തപ്പെടുന്നില്ല. ശ്രീതുവിന്‍റെയും ഭര്‍ത്താവിന്‍റെയും മൂത്ത കുട്ടിയാണ് ദേവേന്ദുവെന്നാണ് കരുതിയിരുന്നത്. അതോടെ ശ്രീതുവിന്‍റെ സഹോദരന്‍ ഹരികുമാറിന്‍റെ ഡി.എന്‍.എയുമായി പരിശോധിച്ചു. അതും യോജിക്കുന്നില്ല. അതായത് ശ്രീതുവിന്‍റെ ഭര്‍ത്താവിന്‍റെയോ സഹോദരന്‍റെയോ ഡി.എന്‍.എയുമായി ദേവേന്ദുവിന്‍റെ ഡി.എന്‍.എ യോജിക്കുന്നില്ല. ഇതോടെ കുട്ടിയുടെ അച്ഛന്‍ ആരാണെന്ന ചോദ്യം ബാക്കിയാവുകയാണ്.
ഒരുപക്ഷേ തന്‍റെ മറ്റൊരു ബന്ധത്തിലുണ്ടായ കുട്ടിയാണെന്നതും ദേവേന്ദുവിനെ കൊല്ലാനുള്ള സഹോദരന്‍റെ തീരുമാനത്തിന് കൂട്ടുനില്‍ക്കാന്‍ ശ്രീതുവിനെ പ്രേരിപ്പിച്ചിട്ടുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. മറ്റൊരു ബന്ധത്തിലെ കുട്ടിയെന്നത് ജീവിതത്തിന് തടസമാകുമെന്ന ചിന്തയാകാം കാരണമെന്നും കരുതുന്നു. ഇത് കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
ജനുവരി 30നാണ് ബാലരാമപുരത്തെ വീട്ടിലെ കിണറ്റിൽ നിന്നു രണ്ടു വയസ്സുകാരി ദേവേന്ദുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. കുട്ടിയെ കാണാനില്ലെന്നായിരുന്നു പൊലീസില്‍ വന്ന പരാതി. പൊലീസെത്തി പരിശോധിച്ചപ്പോളാണ് കിണറ്റില്‍ നിന്ന് മൃതദേഹം കിട്ടിയത്. അമ്മാവൻ ഹരികുമാർ കുട്ടിയെ മുറിയിൽ നിന്നും എടുത്തുകൊണ്ടുപോയി കിണറ്റിൽ എറിയുകയായിരുന്നു എന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.
എന്നാല്‍ കുട്ടിയെ കൊന്നത് താൻ അല്ല, ദേവേന്ദുവിന്‍റെ അമ്മ ശ്രീതുവാണ് കൊലപാതകത്തിനു പിന്നിൽ എന്നുമാണ് ഹരികുമാർ മൊഴി നൽകിയിരുന്നു. ഹരികുമാറിനെ പ്രതിയാക്കി കുറ്റപത്രം സമർപിക്കാൻ പൊലീസ് തയാറാകുന്നതിനിടെയാണ് ഹരികുമാറിന്‍റെ മൊഴി പുറത്തുവന്നത്. നേരത്തേ ദേവേന്ദുവിന്‍റെ അച്ഛനും ശ്രീതുവിനെതിരെ ആരോപണം ഉന്നയിച്ചിരുന്നെങ്കിലും ആദ്യ അന്വേഷണത്തിൽ ശ്രീതുവിനെതിരെ തെളിവുകൾ കണ്ടെത്താൻ സാധിച്ചിരുന്നില്ല. കൊലപാതകത്തിൽ അച്ഛൻ ശ്രീജിത്തിനും അമ്മൂമ്മയ്ക്കും ബന്ധമില്ലെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു.