ചേർത്തലയിലെ ബിന്ദു പത്മനാഭൻ കൊലപാതകക്കേസിൽ കസ്റ്റഡിയിൽ വാങ്ങിയ പ്രതി സെബാസ്റ്റ്യനിൽ നിന്ന് കാര്യമായ വിവരങ്ങളൊന്നും ലഭിക്കാതെ അന്വേഷണ സംഘം. ബിന്ദു പദ്മനാഭനെ കൊലപ്പെടുത്തിയെന്ന് കുറ്റസമ്മതം നടത്തിയതായി ക്രൈം ബ്രാഞ്ച് കോടതിയിൽ നൽകിയ കസ്റ്റഡി അപേക്ഷയിൽ പറഞ്ഞിരുന്നു. ബിന്ദു പദ്മനാഭന്‍റെ കൊലപാതകത്തിൽ കേരളത്തിലെ വിവിധ ജില്ലകളിലും കോയമ്പത്തൂർ, വേളാങ്കണ്ണി തുടങ്ങിയ സ്ഥലങ്ങളിലും സെബാസ്റ്റ്യനെ എത്തിച്ച് തെളിവെടുക്കും.
ഏഴു ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയ സെബാസ്റ്റ്യനിൽ ബിന്ദു പദ്മനാഭൻ കൊലപാതകത്തിലെ നിർണായക വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ക്രൈം ബ്രാഞ്ച് സംഘം. എന്നാൽ ആദ്യ ദിനം ചോദ്യം ചെയ്യലിൽ കാര്യമായ വിവരങ്ങൾ ഒന്നും തന്നെ ലഭിച്ചില്ലെന്നാണ് സൂചന. ഏറ്റുമാനൂർ ജൈനമ്മ കൊലപാതകക്കേസിൽ കോട്ടയം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തപ്പോഴാണ് ബിന്ദു പദ്മനാഭനെ കൊലപ്പെടുത്തിയതായി സെബാസ്റ്റ്യന്‍ വെളിപ്പെടുത്തിയത്. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് സെബാസ്റ്റ്യനെ കേസിൽ പ്രതി ചേർത്തതത്.
കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കണമെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ചേർത്തല കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിയെ കണ്ണൂർ, എറണാകുളം, കോട്ടയം എന്നിവിടങ്ങളിലും സംസ്ഥാനത്തിന് പുറത്ത് വേളാങ്കണ്ണി, കോയമ്പത്തൂർ, കുടക്, ബാംഗ്ലൂർ എന്നിവിടങ്ങളിലും എത്തിച്ച് തെളിവെടുപ്പ് നടത്തണമെന്ന് കസ്റ്റഡി അപേക്ഷയിൽ പറയുന്നുണ്ട്. ഈ സ്ഥലങ്ങളിലെല്ലാം ബിന്ദുവുമായി സെബാസ്റ്റ്യൻ പോയതായാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ.
സംസ്ഥാനത്തിന് പുറത്ത് വച്ചാണോ ബിന്ദുവിനെ കൊലപ്പെടുത്തിയത് എന്ന സംശയവും ക്രൈംബ്രാഞ്ചിനുണ്ട്. കസ്റ്റഡി കാലാവധിക്കുള്ളിൽ പരാമാവധി തെളിവ് ശേഖരണമാണ് അന്വേഷണ സംഘത്തിന്‍റെ ലക്ഷ്യം. കാണാതായ 2006 ൽ തന്നെ ബിന്ദു പത്മനാഭൻ കൊല്ലപ്പെട്ടതായാണ് അന്വേഷണ സംഘം പറയുന്നത്. മൃതദേഹ അവശിഷ്ടങ്ങൾ അടക്കം കണ്ടെത്താനുണ്ട്. 19 വർഷം മുൻപ് നടന്ന കൊലപാതകമായതിനാൽ തെളിവ് ശേഖരണമാണ് അന്വേഷണ സംഘത്തിന്‍റെ പ്രധാന വെല്ലുവിളി.