ഭാര്യയെ മകള്‍ക്ക് മുന്നില്‍ കുത്തിക്കൊന്ന് ഭര്‍ത്താവിന്‍റെ ക്രൂരത. 32 കാരിയായ രേഖയാണ് കൊല്ലപ്പെട്ടത്. അവിഹിത ബന്ധം ആരോപിച്ച് ഭര്‍ത്താവ് ലോഹിതാശ്വയാണ് രേഖയെ ആക്രമിച്ചത്. മഗഡി റോഡിലെ സുങ്കടക്കാട്ടെ ബസ് സ്റ്റാൻഡില്‍ 12 വയസുകാരി മകള്‍ക്കൊപ്പം ബസ് കാത്തിരിക്കെയാണ് സംഭവം. 

മൂന്നു മാസം മുന്‍പാണ് തുമകുരു സ്വദേശിയായ രേഖയും ലോഹിതാശ്വയും വിവാഹിതരായത്. ഇതിന് മുന്‍പ് ദീര്‍ഘനാള്‍ ഇവരുവരും ലിവ്–ഇന്‍ പങ്കാളികളായിരുന്നു. നേരത്തെ വിവാഹിതയായ രേഖയ്ക്ക രണ്ടുമക്കളുണ്ട്. ആദ്യ വിവാഹത്തില്‍ നിന്നും വിവാഹ മോചനം നേടിയ ശേഷമാണ് ഇരുവരും പ്രണയത്തിലായത്. പിന്നീട് ബംഗളൂരുവിലേക്ക് മാറിയ ശേഷം വാടക വീട്ടിലാണ് ഇരുവരും താമസിക്കുന്നത്.

ബെംഗളൂരുവിലെ കോള്‍ സെന്‍ററിലാണ് രേഖ ജോലി ചെയ്യുന്നത്. കോള്‍ സെന്‍ററില്‍ തന്നെ ലോഹിതാശ്വയ്ക്ക് ഡ്രൈവര്‍ ജോലി തരപ്പെടുത്തി നല്‍കി. ഇരുവര്‍ക്കുമൊപ്പമാണ് മൂത്തമകള്‍ താമസിക്കുന്നത്. ഈയിടെയായി രേഖയുടെ സ്വഭാവത്തിൽ സംശയം പ്രകടിപ്പിച്ച് ലോഹിതാശ്വ വഴക്കിടുക പതിവായിരുന്നു. 

മറ്റൊരു പുരുഷനുമായി അടുപ്പത്തിലാണെന്ന സംശയത്തിലാണ് പ്രതി രേഖയെ കുത്തിയത്. 11 തവണയാണ് രേഖയ്ക്ക് കുത്തേറ്റത്. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട പ്രതി പിന്നീട് പൊലീസില്‍ കീഴടങ്ങി. 

ENGLISH SUMMARY:

Wife murder in Bangalore is a tragic incident where a husband murdered his wife in front of their daughter. The husband suspected infidelity and attacked his wife, resulting in her death.