കൈക്കൂലി വാങ്ങുന്നതിനിടയിൽ അസിസ്റ്റന്റ് ലേബർ ഓഫീസർ പിടിയിൽ. ഗുരുവായൂരിലെ ഹോട്ടലിൽ നിന്നാണ് ഇരിങ്ങാലക്കുട താഴെക്കാട് സ്വദേശി കെ.എ. ജയപ്രകാശ് വിജിലൻസിന്റെ പിടിയിലാകുന്നത്. ചാവക്കാട് അസിസ്റ്റന്റ് ലേബർ ഓഫീസർ ആയിരുന്ന കെ.എ. ജയപ്രകാശ് കഴിഞ്ഞ മാസം മുപ്പതാം തീയതി ഗുരുവായൂരിലെ ഒരു ഹോട്ടലിൽ പരിശോധനയ്ക്ക് എത്തി. താത്കാലിക ജീവനക്കാരുടെ എണ്ണം കൂടുതൽ ആണെന്നും നടപടി എടുക്കാതിരിക്കാൻ സെപ്റ്റംബർ പതിനാറാം തീയതിക്കുള്ളിൽ ഓഫീസിൽ എത്താൻ ഹോട്ടൽ ഉടമയോട് ആവശ്യപ്പെടുകയും ചെയ്തു.
ഇതേ തുടർന്ന് ഓഫീസിൽ എത്തിയ ഹോട്ടൽ മാനേജരോട് 5000 രൂപ കൈക്കൂലിയായി വാങ്ങിച്ചു. എറണാകുളം ജില്ലാ ലേബർ ഓഫീസിലേക്ക് പ്രമോഷൻ ലഭിച്ച ജയപ്രകാശ് ഫോണിലൂടെ വീണ്ടും 5000 രൂപ ആവശ്യപ്പെട്ടു. ഹോട്ടൽ ഉടമ തൃശൂർ വിജിലൻസിൽ പരാതി കൊടുത്തു. ഇന്ന് ഉച്ചയ്ക്ക് കൈക്കൂലി വാങ്ങുന്നതിനായി ഹോട്ടലിൽ എത്തിയ ജയപ്രകാശിനെ വിജിലൻസ് സംഘം കൈയ്യോടെ പിടികൂടി. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.