കൊല്ലം പുനലൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. പുനലൂർ കലയനാട് കൂത്തനാടിയിൽ ശാലിനിയെ ആണ് ഭർത്താവ് ഐസക്ക് കുത്തിയും വെട്ടിയും കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം ഫെയ്സ്ബുക്കിൽ കൊലപാതകത്തിന്റെ കാര്യങ്ങൾ വിശദീകരിച്ചതിന് പിന്നാലെ ഐസക് പുനലൂർ പോലീസിൽ മുന്നിൽ കീഴടങ്ങി
ഇന്ന് രാവിലെ ആറുമണിയോടെ ആയിരുന്നു കൊലപാതകം. ഐസക്കും ശാലിനിയും കുടുംബ പ്രശ്നങ്ങളെ തുടർന്ന് മാറി താമസിച്ച് വരികയായിരുന്നു. രാവിലെ വീട്ടിലെത്തിയ ഐസക് ശാലിനിയെ അപ്രതീക്ഷിതമായി കുത്തിയും വെട്ടിയും കൊലപ്പെടുത്തുക ആയിരുന്നു.ഇതിനു ശേഷം ഇവിടെ നിന്നും രക്ഷപ്പെട്ട ഐസക് 9 മണിയോടെ പുനലൂർ പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി.
ശാലിനിയുടെ മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പുനലൂർ പോലീസ് അന്വേഷണം ആരംഭിച്ചു. ദമ്പതികൾക്ക് രണ്ടു മക്കൾ ആണുള്ളത്. ശാലിനി കാര്യറയിലെ സ്വകാര്യ സ്കൂളിലെ ആയ ആയി ജോലി ചെയ്തു വരികയായിരുന്നു.കുടുംബവഴക്കാണ് കൊലയിൽ കലാശിച്ചതെന്നാണ് ലഭിക്കുന്ന വിവരം. കൊല്ലം റൂറൽ എസ്.പി. ടി.കെ.വിഷ്ണു പ്രദീപ് ഐ.എ.എസ്. സ്ഥലത്തെത്തി പരിശോധനകൾ നടത്തി. വിരലടയാളം വിദഗ്ധരും വീട്ടിലെത്തി പരിശോധനകൾ നടത്തിയിട്ടുണ്ട്.