meghalaya-coal-mine-accident

AI ഉപയോഗിച്ച് നിര്‍മ്മിച്ച ചിത്രം

മേഘാലയയിലെ ഈസ്റ്റ് ജയന്തിയ ഹിൽസ് ജില്ലയിൽ പ്രവർത്തിച്ചിരുന്ന അനധികൃത കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ 16 തൊഴിലാളികൾ മരിച്ചു. മരിച്ചവരുടെ എണ്ണം ഇനിയും വർധിക്കാൻ സാധ്യതയുണ്ടെന്ന് മേഘാലയ ഡിജിപി ഐ. നോങ്‌റാം അറിയിച്ചു. ഖനിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നവർക്കായുള്ള തിരച്ചിൽ ഊർജ്ജിതമാണ്.

 

തങ്‌സ്‌കു മേഖലയിലെ ഖനിയിൽ കൽക്കരി വേർതിരിച്ചെടുക്കുന്ന പ്രവർത്തനങ്ങൾക്കിടയിലാണ് പൊട്ടിത്തെറിയുണ്ടായത്. സ്ഫോടനത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പരുക്കേറ്റ ഒരാളെ ഗുരുതരാവസ്ഥയിൽ ഷില്ലോങ്ങിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽ ഖനി നിയമവിരുദ്ധമായാണ് പ്രവർത്തിച്ചിരുന്നതെന്ന് പൊലീസ് സൂപ്രണ്ട് വികാസ് കുമാർ സ്ഥിരീകരിച്ചു.

 

‌അശാസ്ത്രീയവും അപകടകരവുമായ 'റാറ്റ് ഹോൾ' (Rat-hole) ഖനന രീതി പരിസ്ഥിതിക്കും മനുഷ്യജീവനും ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി 2014-ൽ നാഷണൽ ഗ്രീൻ ട്രൈബ്യൂണൽ (NGT) മേഘാലയയിൽ നിരോധിച്ചിരുന്നു. 3-4 അടി മാത്രം ഉയരമുള്ള ഇടുങ്ങിയ തുരങ്കങ്ങൾ നിർമ്മിച്ച് അതിലൂടെ ഇഴഞ്ഞു കയറി കൽക്കരി ശേഖരിക്കുന്ന രീതിയാണിത്. ഒരാൾക്ക് മാത്രം കഷ്ടിച്ച് കടന്നുപോകാൻ കഴിയുന്ന ഇത്തരം തുരങ്കങ്ങൾ ഏത് നിമിഷവും തകരാൻ സാധ്യതയുള്ളവയാണ്.

 

സുപ്രീം കോടതി ഈ നിരോധനം ശരിവെച്ചിരുന്നെങ്കിലും ശാസ്ത്രീയമായ രീതിയിൽ ഖനനം നടത്താൻ അനുമതി നൽകിയിരുന്നു. എന്നാൽ പലയിടങ്ങളിലും ഇപ്പോഴും രഹസ്യമായി അനധികൃത ഖനനം തുടരുന്നുണ്ടെന്നാണ് ഈ അപകടം വ്യക്തമാക്കുന്നത്.

ENGLISH SUMMARY:

Meghalaya coal mine accident resulted in the deaths of 16 miners due to an explosion in an illegal mine. The incident highlights the dangers of 'rat-hole' mining, which was banned by the National Green Tribunal.