തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നത വ്യക്തമാക്കുന്ന കത്ത് പുറത്ത്. രണ്ട് തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാര്‍ കേന്ദ്ര ആഭ്യന്തരസെക്രട്ടറിക്ക് അയച്ച കത്താണ് പുറത്തായത്. സീനിയര്‍ ഡെപ്യൂട്ടി തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെയാണ് പരാതി. കൂടിയാലോചന ഇല്ലാതെയാണ് തീരുമാനമെടുക്കുന്നതെന്ന് കത്തില്‍ പറയുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും അയച്ച കത്തുകളാണ് പുറത്തുവന്നത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായിരുന്നു ടിവി സോമനാഥനാണ് ഇരുവരും കത്തു നല്‍കിയത്. തിരഞ്ഞെടുപ്പ് കമ്മിഷനില്‍ ഡെപ്യൂട്ടേഷനിലെത്തിയ ഭരണവിഭാഗത്തിലാണ് ജോലി ചെയ്തിരുന്ന സീനിയര്‍ ഡെപ്യൂട്ടി തിരഞ്ഞെടുപ്പ് കമ്മീഷണറായ മനീഷ് കാർഗ് എന്ന ഉദ്യോഗസ്ഥന് സ്വന്തം നിലയ്ക്ക് കൂടിയാലോചനകളില്ലാതെ ഉദ്യോഗസ്ഥരുടെ ചുമതല വിഭജനം നിർവഹിക്കുന്നു എന്നായിരുന്നു പരാതി.
മേലുദ്യോഗസ്ഥർക്കും ഒരേ റാങ്കിലുള്ള ഉദ്യോഗസ്ഥർക്കും വരെ ചുമതലകൾ വീതിച്ചു നൽകുന്നു എന്നാണ് കത്തിലുള്ളത്. തിരഞ്ഞെടുപ്പ് കമ്മീഷണർമാരുമായി ആലോചിക്കാതെ നടപടിയെടുക്കുന്നതിനെയാണ് കത്തിൽ ചൂണ്ടിക്കാട്ടുന്നത്. ഇതു സംബന്ധിച്ച രണ്ടു തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരും വെവ്വേറെ കത്തുകളാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് അയച്ചത്. എന്നാല്‍ ഇ കത്തില്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി നിസ്സംഗത പുലര്‍ത്തുകയാണ്.
Also Read: പുതു തന്ത്രവുമായി പ്രതിപക്ഷം; ഗ്യാനേഷ്കുമാര്‍ പുറത്തേക്ക്? നയം വ്യക്തമാക്കി ലോക്സഭാ സ്പീക്കര്‍
ഭൂരിപക്ഷ തീരുമാനമാണ് തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരിഗണിക്കുകയെന്നും രണ്ടുപേരും വെവ്വേറെ കത്തയച്ചതിനാല്‍ രണ്ട് സ്വകാര്യ വ്യക്തികൾ എന്നുള്ള രീതിയിലാണ് കത്തുകൾ വന്നതെന്നുമാണ് ആഭ്യന്തര സെക്രട്ടറിയുടെ മറുപടിയിൽ പറയുന്നത്. അതിനാല്‍ ഇതൊരു പരാതിയായി പരിഗണിക്കാനോ ഇതിൽ നടപടിയെടുക്കാനോ സാധിക്കില്ലെന്നും കമ്മീഷന്റെ ഔദ്യോഗിക ആവശ്യമായി ഇത് അംഗീകരിക്കാൻ സാധിക്കില്ലെന്നും ആഭ്യന്തര സെക്രട്ടറി വ്യക്തമാക്കി. ഏതെങ്കിലും തരത്തിൽ നടപടിയിലേക്ക് പോയിക്കഴിഞ്ഞാൽ അത് തിരഞ്ഞെടുപ്പ് കമ്മീഷനുള്ള കൈകടത്തലാകുമെന്നും കത്തിലുണ്ട്.
ഇക്കാര്യത്തില്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ നിലപാട് തേടിയും കത്തയച്ചിട്ടുണ്ട്. പക്ഷേ അതിന് ഗ്യാനേഷ് കുമാർ എന്തെങ്കിലും മറുപടി നൽകിയിരുന്നോ എന്നത് സംബന്ധിച്ച വ്യക്തതയില്ല.
അതേസമയം, മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഇന്ന് രാജ്യവ്യാപക പ്രക്ഷോഭം. ഡല്‍ഹിയിലെ പ്രതിഷേധ മാര്‍ച്ചിന് ഇടത് വിദ്യാര്‍ഥി സംഘടനകളും തൊഴിലാളി സംഘടനകളും കര്‍ഷക സംഘടനകളും SIR വിരുദ്ധ മുന്നണിയും നേതൃത്വം നല്‍കും. തിരഞ്ഞെടുപ്പ് കമ്മിഷന് ആസ്ഥാനത്തേക്ക് ഉച്ചയ്ക്ക് മാര്‍ച്ച് നടത്തുമെന്നാണ് കൂട്ടായ്മ പ്രഖ്യാപിച്ചിട്ടുള്ളത്. രാജ്യത്തെ കര്‍ഷക സംഘടനകളുടെ ഏറ്റവും വലിയ കൂട്ടായ്മയായ സംയുക്ത കിസാന്‍ മോര്‍ച്ച പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള നവംബർ ഒന്നാം തിയതിയിലെ റാലിക്കായുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ്.