സീനിയേഴ്സിന്‍റെ റാഗിങും ഉപദ്രവവും സഹിക്കാന്‍ വയ്യാതെ രണ്ടാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥി ജീവനൊടുക്കി. ഹൈദരാബാദ് സ്വദേശിയായ ജാദവ് സായ് തേജ(22) ആണ് മരിച്ചത്. സിദ്ധാര്‍ഥ് എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥിയായിരുന്ന സായിയെ ഹോസ്റ്റല്‍ മുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

മരിക്കുന്നതിന് മുന്‍പ് താന്‍ അനുഭവിച്ച മാനസിക പ്രയാസം സായ് വിഡിയോയില്‍ ചിത്രീകരിക്കുകയും ചെയ്തു. 'ഞാന്‍ കോളജില്‍ ചെന്നപ്പോള്‍ നാലഞ്ചുപേര്‍ വന്ന് എന്നെ ഭീഷണിപ്പെടുത്തി. പണം ആവശ്യപ്പെടുകയും ഉപദ്രവിക്കുകയും ചെയ്യുന്നത് പതിവായി. ഓരോ തവണയും വന്ന് പണം ചോദിച്ച് മര്‍ദിക്കുമെന്നും ഒരു ദിവസം നിര്‍ബന്ധിച്ച് ബാറിലേക്ക് കൂട്ടിക്കൊണ്ട് പോയ ശേഷം സീനിയേഴ്സ് മൂക്കുമുട്ടെ ഭക്ഷണം കഴിക്കുകയും മദ്യപിക്കുകയും ചെയ്തു. 10,000 രൂപയാണ് അന്ന് ബില്‍ വന്നത്'– സായ് വിഡിയോയില്‍ പറയുന്നു. 

സമ്മര്‍ദം താങ്ങാന്‍ കഴിയുന്നില്ലെന്നും എന്ത് ചെയ്യണമെന്ന് മനസിലാകുന്നില്ലെന്നും വിഡിയോയിലുണ്ട്. പൊട്ടിക്കരഞ്ഞു കൊണ്ട് ചെയ്ത വിഡിയോയ്ക്കൊടുവില്‍ തന്നെ രക്ഷിക്കണമെന്നും സായ് അഭ്യര്‍ഥിക്കുന്നുണ്ട്. വിവരമറിഞ്ഞതോടെ 300 കിലോ മീറ്റര്‍ സഞ്ചരിച്ച് സായിയുടെ കുടുംബവും അഭിഭാഷകനും ഹോസ്റ്റലിലേക്ക് എത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ സൗജന്യ ഹെല്‍പ് ലൈന്‍ നമ്പറായ 1056 ലോ / 0471 – 2552056 എന്ന ലാന്‍ഡ് ലൈന്‍ നമ്പറിലോ 9152987821 എന്ന മൊബൈല്‍ നമ്പറിലോ വിളിച്ച് സഹായം തേടുക.)