തൃശ്ശൂർ പെരിങ്ങോട്ടുകര ഹണി ട്രാപ് കേസില്‍ വീണ്ടും അറസ്റ്റ്. ശ്രീരാഗ് കാനാടി, സ്വാമിനാഥന് കാനാടി എന്നിവരാണ് പിടിയിലായത്. തന്ത്രി ഉണ്ണി ദാമോദരന്റെ സഹോദരന്റെ മക്കളാണ് ഇരുവരും. ഉണ്ണിയുടെ മരുമകനെ ഹണി ട്രാപ്പില്‍പെടുത്തിയെന്നാണ് കേസ്.
പെരിങ്ങോട്ടുകര ദേവസ്ഥാനത്ത് പൂജയ്ക്കെത്തിയ ബെംഗളുരു സ്വദേശിനിയെ പീഡിപ്പിച്ചെന്ന കേസാണ് ഹണി ട്രാപ്പായി മാറിയത്. പിന്നാലെ പരാതിക്കാരിയടക്കം 5 പേർ അറസ്റ്റിലുമായിരുന്നു. യുവതിയെ സൗഹൃദം നടിച്ചു വിഡിയോ കോളിൽ നഗ്നത പകർത്തുകയും പിന്നീട് ഇതുകാണിച്ചു ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നുമായിരുന്നു കേസ്.
എന്നാല്‍ അരുണിനെ ആസൂത്രിതമായി പെടുത്തിയതാണന്നു കുടുംബം കർണാടക ആഭ്യന്തരമന്ത്രിക്കു പരാതി നൽകുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണു ബെംഗളുരുവിൽ മസാജ് പാർലർ ജീവനക്കാരിയായ രത്ന, സഹായി മോണിക്ക, പാലക്കാട് സ്വദേശി ശരത് മേനോൻ, ഇയാളുടെ സഹായികളായ സജിത്ത്, ആലം എന്നിവർ പിടിയിലായത്. ശരത് മേനോനും കൂട്ടാളികളും രത്നയെ ഉപയോഗിച്ച് അരുണിനെ ഹണിട്രാപ്പിൽ കുടുക്കിയതാണന്നാണ് കണ്ടെത്തൽ.