കോഴിക്കോട് വീണ്ടും റാഗിങ് പരാതി. പയ്യോളി കോട്ടക്കല്‍ കുഞ്ഞാലിമരയ്ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെ ആണ് സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദിച്ചത്. ആവശ്യപ്പെട്ട പണം നല്‍കാത്തതാണ് പ്രകോപന കാരണം. പരുക്കേറ്റ വിദ്യാര്‍ഥി ചികില്‍സയിലാണ്.
പത്താം ക്ലാസ് വിദ്യാര്‍ഥികളാണ് പണപ്പിരിവുമായി എത്തിയത്. ഇല്ലെന്ന് പറഞ്ഞപ്പോള്‍ ഷര്‍ട്ടിന്‍റെ പോക്കറ്റില്‍ പിടിച്ചു. പണം തന്നേ മതിയാകൂ എന്നായി. പറ്റില്ലെന്ന് പറഞ്ഞതോടെ ഭീഷണിയായി. ഒപ്പം മര്‍ദനവും. നിലത്തേക്ക് തള്ളിയിട്ട വിദ്യാര്‍ഥിയുടെ നെഞ്ചത്ത് കൈമുട്ട് കൊണ്ട് ഇടിക്കുകയും, തല ഭിത്തിയില്‍ ഇടിക്കുകയും ചെയ്തു.
നെഞ്ചിനും മുഖത്തും തലയ്ക്കും സാരമായി പരുക്കേറ്റ വിദ്യാര്‍ഥി ചികിത്സയിലാണ്. പയ്യോളി പൊലീസില്‍ പരാതി നല്‍കിയിട്ടും കേസെടുത്തില്ലെന്ന് കുടുംബം ആരോപിച്ചു. സംഭവത്തെ തുടര്‍ന്ന് നാല് വിദ്യാര്‍ഥികളെ സ്കൂളില്‍ നിന്ന് മാറ്റി നിര്‍ത്തിയതായി പ്രിന്‍സിപ്പല്‍ അറിയിച്ചു.