ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സ തേടിയെത്തിയ വിദേശ വനിതയെ ഐസിയുവിനുള്ളില്‍ വച്ച് ബലാല്‍സംഗം ചെയ്തതായി പരാതി. ഓള്‍ഡ് ഗോവയിലെ ഹെല്‍ത്തിവേ ഹോസ്പിറ്റലില്‍ ഓഗസ്റ്റ് 31നാണ് സംഭവം. ബിസിനസ് വീസയിലെത്തിയ മൊറോക്കന്‍ യുവതിക്കാണ് ദുരനുഭവം ഉണ്ടായത്.
ഓഗസ്റ്റ് 29നാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 31–ാം തീയതി ഐസിയുവില്‍ കിടക്കവേ രാത്രി 10 മണിയായതോടെ പരിശോധനയ്ക്കായെത്തിയ ഡോ.ജോഷി, ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനോട് പുറത്തേക്ക് പോകാന്‍ ആവശ്യപ്പെട്ടുവെന്ന് യുവതിയുടെ പറയുന്നു. നഴ്സ് പുറത്തിറങ്ങിയതിന് പിന്നാലെ ന്യൂറോളജിക്കല്‍ സെന്‍സിറ്റിവിറ്റി പരിശോധിക്കാനെന്ന പേരില്‍ ഡോക്ടര്‍ തന്‍റെ ഗൗണ്‍ നീക്കിയെന്നും സ്വകാര്യഭാഗത്ത് മോശമായി സ്പര്‍ശിച്ചുവെന്നും ഐസിയുവിലായതിനാല്‍ തന്നെ എഴുന്നേറ്റ് ഓടാനോ പ്രതിരോധിക്കാനോ കഴിയാത്ത സാഹചര്യത്തിലായിരുന്നു താനെന്നും അവര്‍ വെളിപ്പെടുത്തി. തുടര്‍ന്ന് ഡോക്ടര്‍ തന്നെ ബലാല്‍സംഗം ചെയ്തുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.
യുവതിയുടെ പരാതിയില്‍ അന്വേഷണം നടത്തിയ ആശുപത്രി അധികൃതര്‍ ഡോക്ടര്‍ ജോഷിയെ സസ്പെന്‍ഡ് ചെയ്തു. പൊലീസ് അന്വേഷണം പൂര്‍ത്തിയായ ശേഷമേ തിരികെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കൂവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം, പീഡനത്തിനിരയായ യുവതിയുടെ തുടര്‍ചികില്‍സ അതേ ആശുപത്രിയില്‍ തന്നെ പൂര്‍ത്തിയാക്കും. യുവതിക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും മാനസിക പിന്തുണയും ഉറപ്പ് വരുത്തുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.