TOPICS COVERED

തമിഴ്നാട് കടലൂര്‍ വിരുദാചലത്ത് പ്രതിയെ വെടിവച്ച് പിടികൂടി പൊലീസ്.  പിടികൂടാന്‍ ശ്രമിക്കുമ്പോള്‍ പ്രതി ആക്രമിച്ചതോടെ വെടിവയ്ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഞ്ചാവ് ലഹരിയില്‍ നാലുപേരെ അതിക്രൂരമായി മര്‍ദിച്ച സംഘത്തിലെ കന്ദവേലിനാണ് വെടിയേറ്റത്. 

കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസിന് ഏറെ തലവേദന സൃഷ്ടിച്ച സംഘമാണ് പിടിയിലായത്. കന്ദവേല്‍, ശിവ, ബാലാജി എന്നിവര്‍  പഴമലൈനാഥര്‍ നഗറിലുള്ള കാര്‍ത്തിക് എന്ന യുവാവിനെ അതിക്രൂരമായി മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അരിമില്ലില്‍ ജോലി ചെയ്യുന്ന യുവാവിനെ മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ഇവര്‍ തന്നെയാണ് സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. ഗുരുതരമായി പരുക്കേറ്റ യുവാവ് ചികില്‍സയിലാണ്. ഇവര്‍ സര്‍ക്കാര്‍ ബസില്‍ കയറുകയും ഡ്രൈവറുടെ തലയില്‍ കുപ്പി കൊണ്ട് അടിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്തു. 

ഒരു കടയുടമയും തടയാനെത്തിയ കടയിലെ ജീവനക്കാരനുമാണ് പരുക്കേറ്റ മറ്റു രണ്ടുപേര്‍. ഇതോടെ ഇവരെ പിടികൂടാന്‍ കടലൂര്‍ ജില്ലാ പൊലീസ് മേധാവി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാന്‍ ഉത്തരവിട്ടു. വിരുദാചലത്ത് റെയില്‍വേ സ്റ്റേഷന് സമീപമുള്ള കശുമാവിന്‍ തോട്ടത്തില്‍ ഇവര്‍ ഒളിച്ചിരിക്കുന്നുണ്ട് എന്ന വിവരത്തെ തുടര്‍ന്ന് പിടികൂടാന്‍ പൊലീസെത്തി. പിടികൂടാന്‍ ശ്രമിക്കവെ കന്ദവേല്‍  പൊലീസുകാരെ ആക്രമിച്ചു. രണ്ടുപൊലീസുകാര്‍ക്ക് പരുക്കേറ്റു. ഇതോടെ കന്ദവേലിനെ വെടിവച്ച് പിടികൂടുകയായിരുന്നു. മറ്റ് രണ്ടുപേരേയും പിടികൂടിയിട്ടുണ്ട്. കഞ്ചാവ് ലഹരിയിലാണ് പ്രതികള്‍ ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

ENGLISH SUMMARY:

In Virudhachalam, Cuddalore, Tamil Nadu, police shot and apprehended Kandavel, a suspect who was part of a gang that brutally attacked four people. The police stated they were forced to shoot after the suspect attacked them during the arrest. The gang, allegedly under the influence of ganja, had recently gone viral for their brutal assault on a young man, a bus driver, and two others. Two police officers were injured in the scuffle before the suspect was shot. Two other gang members were also apprehended.