ചേർത്തലയിലെ ബിന്ദു പദ്മനാഭൻ തിരോധാന കേസ് കൊലക്കേസായി. കേസിൽ പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യനെ ആലപ്പുഴ ക്രൈം ബ്രാഞ്ച് സംഘം പ്രതിചേർത്തു. സെബാസ്റ്റ്യനായി ക്രൈം ബ്രാഞ്ച് ഉടൻ കസ്റ്റഡി അപേക്ഷ നൽകും.ബിന്ദു കൊല്ലപ്പെട്ടെന്ന് ചൂണ്ടി കാണിച്ച് ക്രൈം ബ്രാഞ്ച് സംഘം ചേർത്തല കോടതിയിൽ നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു.
ബിന്ദു പദ്മനാഭൻ തിരോധാനത്തിൽ കൃത്യമായ പങ്കുണ്ടെന്ന് തെളിഞ്ഞതിനാലാണ് സെബാസ്റ്റ്യനെ പ്രതി ചേർത്തത്. ബിന്ദു കൊല്ലപ്പെട്ടതാണ് എന്നു വ്യക്തമാക്കി അന്വേഷണ സംഘം റിപ്പോർട്ട് നൽകിയിരുന്നു. സെബാസ്റ്റ്യനെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം വിശദമായി ചോദ്യം ചെയ്യാനാണ് ക്രൈം ബ്രാഞ്ച് തീരുമാനം. ബിന്ദുവിന്‍റെ കൊലപാതകം സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ചോദ്യം ചെയ്യുന്നതിലൂടെ ലഭിക്കുമെന്നാണ് കരുതുന്നത്.
2006 ലാണ് ചേർത്തല പട്ടണക്കാട് സ്വദേശി ബിന്ദു പദ്മനാഭനെ ദുരൂഹ സാഹചര്യത്തിൽ കാണാതായത്. കേസിൽ സംശയ നിഴലിൽ ആയെങ്കിലും കേസുമായി സെബാസ്റ്റ്യനെ ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. ധാരാളം സ്വത്തും ആ ഭരണങ്ങളുമുണ്ടായിരുന്ന ബിന്ദുവിനെ ഇവ സ്വന്തമാക്കുന്നതിന് വേണ്ടി കൊലപ്പെടുത്തിയതാകാം എന്നതാണ് സംശയം. തിരോധാനത്തിനു ശേഷം വ്യാജ മുക്ത്യാർ ഉണ്ടാക്കി ബിന്ദുവിന്‍റെ സ്ഥലം വിൽപന നടത്തുകയും ചെയ്തിരുന്നു. ബിന്ദുവെന്ന പേരിൽ മറ്റൊരു സ്ത്രീയെ ഹാജരാക്കിയാണ് ഇടപാടുകൾ നടത്തിയത്.
ഏറ്റുമാനൂരിലെ ജെയ്നമ്മ എന്ന സ്ത്രീയെ കാണാതായ കേസിൽ സെബാസ്റ്റ്യൻ അറസ്റ്റിലായതോടെ ബിന്ദു പദ്മനാഭൻ , ഐഷ എന്നിവരുടെ തിരോധാനത്തിലെ അന്വേഷണവും വീണ്ടും സജീവമാകുന്നത്. ഇ ഇതിൽ ജെയ്നമ്മ ബിന്ദു എന്നിവരു തിരോധാന കേസുകളാണ് കൊലക്കേസുകളായി മാറിയത്.