ഉത്തർപ്രദേശിലെ ഹാമിർപുരിൽ യുവാവിനെ ആൾക്കൂട്ടം ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. പ്രണയബന്ധത്തിന്റെ പേരിലാണ് യുവാവിനെ പെൺകുട്ടിയുടെ വീട്ടുകാരും നാട്ടുകാരും ചേർന്ന് മർദിച്ചത്. ചെരുപ്പുകൾ ഉപയോഗിച്ചാണ് ഇവർ യുവാവിനെ മർദിച്ചത്.
വടക്കേ ഇന്ത്യയിൽ ആൾക്കൂട്ടം ആളുകളെ കൈകാര്യം ചെയ്യുന്നതിന്റെ പ്രാകൃതമായ രീതികൾ വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. യുവാവിനെ വളഞ്ഞിട്ട് മർദിക്കുന്നതും നിലത്തിട്ട് ഉപദ്രവിക്കുന്നതും വിഡിയോയിൽ കാണാം. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സമൂഹമാധ്യമങ്ങളിൽ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. സംഭവത്തിൽ മനുഷ്യാവകാശ സംഘടനകൾ ഉൾപ്പെടെയുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തി. മർദിച്ച ആൾക്കൂട്ടത്തിലുള്ള ചിലരെ തിരിച്ചറിഞ്ഞതായും ഇവർക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണെന്നും യു.പി. പൊലീസ് അറിയിച്ചു.