TOPICS COVERED

ബസില്‍ യാത്ര ചെയ്യുന്നതിനിടെ സഹയാത്രക്കാരിയുടെ മാല മോഷ്ടിച്ച സംഭവത്തില്‍ പഞ്ചായത്ത് പ്രസിഡന്‍റ് അറസ്റ്റില്‍. നര്യാംപട്ട് പഞ്ചായത്ത് പ്രസിഡന്‍റായ ഭാരതി(56)യാണ് അറസ്റ്റിലായത്. ‍ഡിഎംകെ നേതാവാണ് ഭാരതി. നേര്‍കുണ്ട്രം സ്വദേശിയായ വരലക്ഷ്മി(50)യുടെ പരാതിയിലാണ് ഭാരതിയെ കോയമ്പേട് പൊലീസ് അറസ്റ്റ് ചെയ്തത്. 

ജൂലൈ മൂന്നിന് കാഞ്ചീപുരത്ത് നടന്ന വിവാഹ റിസപ്ഷനില്‍ പങ്കെടുത്ത് മടങ്ങി വരികയായിരുന്നു വരലക്ഷ്മി.  തമിഴ്നാട് സര്‍ക്കാരിന്‍റെ ബസിലായിരുന്നു യാത്ര. ബസ് യാത്ര കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ബാഗിലെ നാലുപവന്‍റെ മാല കാണാനില്ലെന്ന് വരലക്ഷ്മി തിരിച്ചറിഞ്ഞത്. തുടര്‍ന്ന് കോയമ്പേട് സ്റ്റേഷനിലെത്തി പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ബസിലെ സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാനായി. ഇതില്‍ നിന്നും വരലക്ഷ്മിയുടെ സമീപത്തിരുന്ന സ്ത്രീയാണ് മാല മോഷ്ടിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. 

അതിവിദഗ്ധമായി ബാഗില്‍ നിന്നും മോഷ്ടിച്ചെടുത്ത മാല സ്ത്രീ സ്വന്തം ബാഗിലാക്കുന്നതും സിസിടിവി ദൃശ്യത്തില്‍ പ്രകടമാണ്. ഇതോടെ തലങ്ങും വിലങ്ങും പൊലീസ് അരിച്ചു പെറുക്കി ഭാരതിയെ കണ്ടെത്തി. ഇവരെ ചെന്നൈയിലെത്തിച്ച് ചോദ്യം ചെയ്തതോടെ ഭാരതി കുറ്റം ഏറ്റു പറ​ഞ്ഞു. തിരുപ്പട്ടൂര്‍, വെല്ലൂര്‍, ആംബുര്‍, വൃദ്ധംപട്ട് സ്റ്റേഷനുകളിലായി ഭാരതിക്കെതിരെ വിവിധ കേസുകള്‍ നിലവിലുണ്ട്. ഇവരെ കോടതി കസ്റ്റഡിയില്‍ വിട്ടു. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. 

ENGLISH SUMMARY:

Bus theft arrest: A Panchayat President has been arrested for stealing a gold chain from a fellow passenger on a bus. The accused, Bharathi, was identified through CCTV footage and confessed to the crime.